കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ കുടുംബത്തിന് ഇനിയും നീതി ലഭിച്ചില്ല. കേസ് അട്ടിമറിക്കാനും ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന ആരോപണം ശക്തമാണ്. കോടതിയില്‍ ഹാജരാകാതെ വിചാരണ വൈകിപ്പിക്കാന്‍ ശ്രീറാം ശ്രമം തുടരുകയാണ്. ഒരു വര്‍ഷമായിട്ടും ബഷീറിന്റെ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതും ദുരൂഹതയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിന് അര്‍ധരാത്രി സുഹൃത്ത് വഫ ഫിറോസിനൊപ്പം ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചാണ് സിറാജ് പത്രത്തിന്റെ ലേഖകനായ ബഷീര്‍ മരിച്ചത്.
തെളിവ് നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും പൊലീസ് ശ്രമിച്ചതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതും മനഃപൂര്‍വ്വമല്ലാത്ത നരഹത്യയും ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ശ്രീറാമും വഫയും ശ്രമിച്ചത്. പലതവണ വിചാരണക്ക് വിളിച്ചിട്ടും ഇവര്‍ കോടതിയിലെത്തിയില്ല. ബഷീറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്കിയതു മാത്രമാണ് ഏക ആശ്വാസം. ഒന്നാം പ്രതിയായ ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരും കൂട്ടുനിന്നു എന്ന ആക്ഷേപം ശക്തമാണ്. ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.