തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി മാധ്യമലോകം. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ സൗമ്യനായ മുഖത്തിന്റെ ഉടമയായിരുന്നു ബഷീര്‍. തിരൂരില്‍ പ്രാദേശിക റിപ്പോര്‍ട്ടറായാണ് ബഷീറിന്റെ മാധ്യമപ്രവര്‍ത്തനം തുടങ്ങുന്നത്. ദ്വീര്‍ഘകാലമായി തലസ്ഥാനത്ത് സിറാജിന്റെ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വടകര മുഹമ്മദാജി തങ്ങളുടെ മകനാണ്. ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം.
കേരളത്തിലെ നിയമസഭാ റിപ്പോട്ടിങ്ങില്‍ മിടുക്കനായ ജേണലിസ്റ്റായിരുന്നു ബഷീര്‍. നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍ ആദരിക്കപ്പെട്ട ജേണ്ലിസ്റ്റുകളില് ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയായിരുന്നു അദ്ദേഹം. എല്ലാ മാധ്യമപ്രവര്‍ത്തകരുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന ബഷീറിന്റെ വിയോഗം സുഹൃത്തുക്കള്‍ക്ക് താങ്ങാനാവുന്നില്ല. കെ.എം.ബി എന്ന വിളിപ്പേരിലാണ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരില്‍ ബഷീര്‍ അറിയപ്പെട്ടിരുന്നത്. സാമൂഹ്യമാധ്യമങ്ങളിലും വാര്ത്താഇടങ്ങളിലും ബഷീറിന്റെ വിയോഗമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. കേസിന്റെ ആദ്യഭാഗങ്ങളില്‍ പൊലീസ് കാണിച്ച അലംഭാവം വ്യക്തമായി റിപ്പോര്‍ട്ട് ചെയ്ത് ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലുകളാണ്. തിരൂര്‍ സ്വദേശിയായ ബഷൂീറിന്റെ ഭാര്യയാണ് ജസീല. ജന്ന, അസ്മി എന്നിവരാണ് മക്കള്‍.
അതേസമയം, സംഭവത്തില്‍ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം പൊലീസിന് നല്‍കിയിരുന്ന മൊഴി. പിന്നാലെ ആരേയും പ്രതി ചേര്‍ക്കാതെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കുള്ള വകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വാഹമോടിച്ചത് ശ്രീറാം തന്നെയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും സ്ഥിരീകരിക്കുന്ന ദൃക്സാക്ഷികളുടേയും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടേയും മൊഴികള്‍ പുറത്തു വന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതിയും അദ്ദേഹമാണ് വണ്ടിയോടിച്ചത് എന്നു മൊഴി നല്‍കിയതോടെ അപകടമുണ്ടാക്കിയത് ശ്രീറാമാണെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത്. ശ്രീറാമിന്റെ മൊഴി ഡിസിപി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപും കിംസ് ആശുപത്രിയിലുള്ള ശ്രീറാമിന്റെ രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.