വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് കെ.എം ബഷീര്‍ ഇന്നലെ രാത്രി ലെഫ്റ്റ്; ഇനിയും കിട്ടിയിട്ടില്ലാത്ത ആ ഫോണ്‍ ഉപയോഗിക്കുന്നതാര്? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: മുന്‍ സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ വണ്ടിയിടിച്ചു കൊന്ന കെ.എം ബഷീറിന്റെ ഓര്‍മക്ക് ഇന്ന് നാലു മാസം. മരണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ തെളിവായേക്കാവുന്ന അദ്ദേഹത്തിന്റെ ഫോണ്‍ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം ബഷീഷിന്റെ ഫോണ്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ബഷീര്‍ ഉള്‍പ്പെട്ടിരുന്ന മാധ്യമ വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്നും കുടുംബ ഗ്രൂപ്പില്‍നിന്നും ബഷീര്‍ ‘ലെഫ്റ്റ്’ ആയതോടെയാണ് ഫോണ്‍ ആരോ ഉപയോഗിക്കുന്നതായി സംശയം ബലപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറുമണിക്കും രാത്രി 9.17നും ഇടയില്‍ ബഷീര്‍ അംഗമായിരുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് ലെഫ്റ്റായത്. ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നില്‍വച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് ബഷീര്‍ മരണപ്പെടുന്നത്.

തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ അംഗമായ ഇന്നത്തെ പരിപാടി ഗ്രൂപ്പില്‍ നിന്നാണ് ആദ്യം ഈ നമ്പര്‍ പുറത്തുപോയത്. അതിനു ശേഷം ദേവസ്വം ബോര്‍ഡിന്റെ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ, സിറാജ് പത്രത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പ്, മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പ്, ഐ.പി.എസ് സംഘടനയുടെ മീഡിയ ഗ്രൂപ്പ് തുടങ്ങി ബഷീര്‍ അംഗമായിരുന്ന എല്ലാ ഗ്രൂപ്പുകളില്‍ നിന്നും ഇന്നലെ ആറുമണി മുതല്‍ ഇന്നു പുലര്‍ച്ചെ വരെയുള്ള സമയത്തിനുള്ളില്‍ ഈ നമ്പര്‍ പുറത്തായി.

ഇതു സംബന്ധിച്ച് സൈബര്‍ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ: ബഷീറിന്റെ കാണാതായ ഫോണിലെ വാട്‌സാപ് ആരെങ്കിലും ഡിസേബിള്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആന്‍ഡ്രോയിഡ് റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നമ്പര്‍ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിന്റെ വാട്‌സാപ് ലഭിക്കാന്‍ ഫോണില്‍ ബഷീറിന്റെ സിം വേണമെന്നില്ല. ഫോണ്‍ നമ്പര്‍ ഒരുതവണ റജിസ്റ്റര്‍ ചെയ്താല്‍ സിം ഇട്ടില്ലെങ്കിലും ഫോണില്‍ വാട്‌സാപ് കിട്ടും.കുറച്ചുകാലം ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാദ്ധ്യത െ്രെകംബ്രാഞ്ച് പരിശോധിച്ചെങ്കിലും അങ്ങനെ സംഭവിക്കില്ലെന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്.

SHARE