കെ.എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ അപകട മരണത്തില്‍ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം പൊലീസിന് നല്‍കിയിരുന്ന മൊഴി. പിന്നാലെ ആരേയും പ്രതി ചേര്‍ക്കാതെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കുള്ള വകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വാഹമോടിച്ചത് ശ്രീറാം തന്നെയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും സ്ഥിരീകരിക്കുന്ന ദൃക്‌സാക്ഷികളുടേയും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടേയും മൊഴികള്‍ പുറത്തു വന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതിയും അദ്ദേഹമാണ് വണ്ടിയോടിച്ചത് എന്നു മൊഴി നല്‍കിയതോടെ അപകടമുണ്ടാക്കിയത് ശ്രീറാമാണെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത്. ശ്രീറാമിന്റെ മൊഴി ഡിസിപി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപും കിംസ് ആശുപത്രിയിലുള്ള ശ്രീറാമിന്റെ രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

SHARE