കെ.എം ബഷീര്‍ കാറിടിച്ച് മരിച്ചിട്ട് ഒരാണ്ട്; ശ്രീറാമും വഫയും ഇപ്പോഴും പുറത്തു തന്നെ

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ചിട്ട് ഇന്നേയ്ക്ക് ഒരാണ്ട്. സംഭവം നടന്ന് ഒരു വര്‍ഷം കഴിയുമ്പോഴും പ്രതിസ്ഥാനത്തുള്ള ശ്രീറാമും വഫയും ഇപ്പോഴും പുറത്തു തന്നെയാണ്. കേസില്‍ ആറു മാസം മുമ്പ് കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും ഇരുവരും ഇതുവരെ കോടതിയില്‍ നേരിട്ട് ഹാജരായിട്ടില്ല എന്നാണ് രസകരം. നേരത്തെ രണ്ടു തവണ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു എങ്കിലും ഇരുവരും കോടതിയില്‍ എത്തിയിരുന്നില്ല. സെപ്തംബര്‍ 16ന് ഇരുവരോടും ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം അതിവേഗത്തില്‍ ഓടിച്ച കാറിടിച്ച് ബഷീര്‍ മരിക്കുന്നത്. വാഹനം ഓടിച്ച സമയത്ത് മദ്യലഹരിയില്‍ ആയിരുന്നു ശ്രീറാം. വാഹനം ഓടിച്ചിരുന്നത് വഫയാണ് എന്നായിരുന്നു ശ്രീറാമിന്റെ അവകാശവാദം. എന്നാല്‍ ശ്രീറാം മദ്യപിച്ചിരുന്നു എന്നും അപകടവേളയില്‍ അദ്ദേഹം തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വഫ വ്യക്തമാക്കിയിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഫിറോസ്

തുടക്കം മുതല്‍ തന്നെ കേസില്‍ പൊലീസ് മറ്റു സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയിരുന്നു. മ്യൂസിയും പൊലീസ് സ്റ്റേഷനില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തായിരുന്നു അപകടം. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാമിനെ, സാക്ഷിമൊഴികള്‍ ഉണ്ടായിട്ടും ഒമ്പത് മണിക്കൂറിന് ശേഷമാണ് പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതും വിവാദമായിരുന്നു. ശ്രീറാമിന്റെ മേല്‍വിലാസം അറിഞ്ഞതിന് പിന്നാലെ വഫയെ സംഭവസ്ഥലത്തു നിന്ന് തന്നെ വിട്ടയക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി ഒന്നിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടിമുതലുമാണ് പൊലീസ് ഹാജരാക്കിയിട്ടുള്ളത്. ശിക്ഷാനിയമത്തിലെ 304 (2), 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതിനിടെ, കേസിലെ ഒന്നാം പ്രതിയായിട്ടും ശ്രീറാമിനെ സസ്‌പെന്‍ഷന്‍ കാലാവധിക്കിടെ 2020 മാര്‍ച്ച് 20ന് പിണറായി സര്‍ക്കാര്‍ സര്‍വീസില്‍ തിരികെയെടുത്തു.

SHARE