ട്രോളുകള്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വെല്ലുവിളിയെന്ന്

കോഴിക്കോട്: കാര്‍ട്ടൂണുകളെ ട്രോളുകള്‍ വിഴുങ്ങുന്ന അവസ്ഥയുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് അഭിപ്രായപ്പെട്ടു.കേരള ലിറ്റററി ഫെസ്റ്റിവലില്‍ കാര്‍ട്ടൂണുകളുടെ പരിധി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളില്‍ വരക്കുന്ന കാര്‍ട്ടൂണിസ്റ്റുകളെയാണ് അത് ബാധിക്കുന്നത്. പണ്ടൊക്കെ ഒരു കാര്‍ട്ടൂണിസ്റ്റിന് ഒന്നോ രണ്ടോ ആശയങ്ങള്‍ കണ്ടെത്തിയാല്‍ മതിയായിരുന്നു. ഇന്ന് ട്രോളറുകളുടെ കാലത്ത് 20 ആശയങ്ങളെങ്കിലും സ്‌റ്റോക്ക് ചെയ്യേണ്ടിവരുന്നു. ഇത് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്.
കാര്‍ട്ടൂണ്‍ പ്രതിഷേധത്തിന്റെയും നിഷേധത്തിന്റെയും കലയാണെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പറഞ്ഞു. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എന്തും വരക്കാം എന്ന അവസ്ഥ നേരത്തെ ഉണ്ടായിരുന്നു. നെഹ്്‌റുവിന്റെയും മറ്റും കാലത്ത് അത് നാം കണ്ടതാണ്. നെഹ്്‌റുവിന്റെ നഗ്നചിത്രം വരക്കാന്‍പോലും ശങ്കറിന് സാധിച്ചിരുന്നു. ബാത്ത് ടബില്‍ കിടക്കുന്ന പ്രസിഡണ്ടിന്റെ ചിത്രം അബു വരച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പിറന്നുവീഴുന്ന നൂറു കണക്കിന് കാര്‍ട്ടൂണുകളില്‍ പ്രധാനമന്ത്രിയും മറ്റും വരുന്നുണ്ട്. കാര്‍ട്ടൂണുകളെ അഥവാ കാര്‍ട്ടൂണിസ്റ്റുകളെ നിയന്ത്രിക്കാന്‍ പറ്റില്ല. വേണ്ട എന്നു പറഞ്ഞാല്‍ അവര്‍ അത് ചെയ്തിരിക്കും. അങ്ങനെയുള്ള നിഷേധത്തിന്റെ കലയാണ് കാര്‍ട്ടൂണ്‍. വികടസരസ്വതി അതിന്റെ ഭാഗമാണ്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ലൈഫ് സ്‌കെച്ച് വരക്കാന്‍ പേനയും കടലാസുമായി നീങ്ങുന്ന കാര്‍ട്ടൂണിസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി പൊലീസ് എത്തുന്ന അവസ്ഥയാണ് കേരളത്തില്‍ പോലുമുള്ളത്. രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും ഉണ്ടാവുന്ന അഴിമതിയും സ്വജനപക്ഷപാതവും ചിത്രീകരിക്കാന്‍ നിയുക്തനായ കാര്‍ട്ടൂണിസ്റ്റിന് പരിധി നിര്‍ണയിക്കാന്‍ പറ്റില്ല. കാര്‍ട്ടൂണുകളെ നമുക്ക് വിമര്‍ശിക്കാം. കാര്‍ട്ടൂണിസ്റ്റിനെയും ചോദ്യം ചെയ്യാം. അത് ദേഹോപദ്രവത്തിന്റെ തലത്തിലേക്ക് മാറരുത്. ഇ.പി ഉണ്ണി പറഞ്ഞു. കാര്‍ട്ടൂണും കാര്‍ട്ടൂണിസ്റ്റുകളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി പറഞ്ഞു.
കാര്‍ട്ടൂണിസ്റ്റുകള്‍ പലപ്പോഴും എഡിറ്റര്‍മാരുടെ തടവുകാരായി മാറുന്നുണ്ടെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. എഡിറ്ററുടെ ആശയം വരക്കാന്‍ കാര്‍ട്ടൂണിസ്റ്റ് നിര്‍ബന്ധിതനാവുന്നു. എന്നാല്‍ പല പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും സ്വതന്ത്രമായി വരക്കാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍പോലും പത്രയുടമയുടെയും മാര്‍ക്കറ്റിങ് വിഭാഗത്തിന്റെയും ഇംഗിതത്തിന് കാര്‍ട്ടൂണിസ്്റ്റ് വഴങ്ങേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ട്. പുതിയ യുവാക്കള്‍ ഈ രംഗത്തേക്ക് കൂടുതലായി വരുന്നത് ആഹ്ലാദകരമാണെന്ന് ഇ.പി ഉണ്ണി പറഞ്ഞു. എം. നന്ദകുമാര്‍ മോഡറേറ്ററായിരുന്നു.