സാമൂഹ്യ വ്യാപനം ഉണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല; 80 ശതമാനം പേരും വിദേശത്തുനിന്ന് വന്നവരെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സമൂഹവ്യാപനത്തിലേക്കെത്തിയെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ കേരളത്തില്‍ പുതുതായി 19 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

ഇതുവരെ സമൂഹവ്യാപനം ആയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചെറിയ ഭീതി ഉണ്ടെങ്കിലും ഇപ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 80 ശതമാനത്തിലേറെയും വിദേശത്ത് നിന്ന് വന്നവര്‍ക്കാണ്. ബാക്കിയുള്ളത് അവരുമായി പ്രഥമ സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്നും മന്ത്രി പറഞ്ഞു.

കൊവിഡിന്റെ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

SHARE