ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി മന്ത്രി കെ.കെ ശൈലജ

കോഴിക്കോട്: ഗുജറാത്തില്‍ അഹമ്മദാബാദിലെ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായാണ് പങ്കെടുത്തതെന്ന് വിശദീകരണം. കേന്ദ്രത്തിന്റെ പരിപാടിയില്‍ ആര്‍.എസ്.എസിനെ പങ്കെടുപ്പിക്കുന്നതില്‍ എന്ത് ചെയ്യാനാകുമെന്ന് മന്ത്രി ചോദിച്ചു. ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.

ചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. കേന്ദ്രത്തിലെ ആയുഷ് മന്ത്രാലയത്തിന്റെയും ഗുജറാത്ത് ആയുഷ് മന്ത്രാലയത്തിന്റെയും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തുന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്. കേരളത്തില്‍ സ്വദേശി ശാസ്ത്രപ്രസ്ഥാനം എന്ന പേരിലാണ് വിജ്ഞാന്‍ ഭാരതി പ്രവര്‍ത്തിക്കുന്നത്. ഗുജറാത്ത് സര്‍വ്വകലാശാല കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ ആരംഭിച്ച വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് ശില്‍പ്പശാലയും ആരോഗ്യ എക്‌സ്‌പോയും 17നാണ് സമാപിക്കുക.

അതേസമയം, കേരളത്തിലെ ആരോഗ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ ആരും പങ്കെടുത്തിട്ടില്ല. ആരോഗ്യമന്ത്രിമാരെ വിജ്ഞാന്‍ ഭാരതി ക്ഷണിച്ചിരുന്നു.

SHARE