കിറ്റ് ലഭിക്കാത്തതുകൊണ്ടാണ് റാപ്പിഡ് ടെസ്റ്റുകള്‍ വൈകുന്നത്; കേരളത്തില്‍ സമൂഹ വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കേരളം ശക്തമായ മുന്‍കരുതല്‍ സ്വീകരിച്ചതാണ് വ്യാപനം തടയാന്‍ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് സുരക്ഷാ ഉപകരണങ്ങള്‍ക്ക് ഇപ്പോള്‍ ക്ഷാമമില്ല. കോട്ടയത്ത് വൃദ്ധദമ്പതികളെ പരിചരിച്ച നഴ്‌സിന് വൈറസ് ബാധിച്ചത് ഉപകരണങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. കിറ്റ് ലഭിച്ചാലുടന്‍ റാപ്പിഡ് ടെസറ്റ് ആരംഭിക്കും. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരേയും തിരിച്ചറിഞ്ഞു. അവരില്‍ നിന്നും നിലവില്‍ സമൂഹ വ്യാപന സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവരെ പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. മലയാളികളെ ഡല്‍ഹിയില്‍ തന്നെ നിരീക്ഷിക്കുമെന്നും കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.

ഹൈ റിസ്‌ക് കേസുകള്‍ വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്. വൃദ്ധ ദമ്പതികളുടെ കാര്യത്തില്‍ കുറച്ചുകാലം കൂടി നിരീക്ഷണം ഉണ്ട്. പ്രായമുള്ള ആളുകള്‍ക്കു കോവിഡ് വന്നാല്‍ ഭേദമാകാന്‍ ഏറെ കാലം പിടിക്കും. കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേര്‍ക്കും അതീവ ഗുരുതരമായ മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിയന്ത്രണമുള്ളതുകൊണ്ട് തല്‍ക്കാലം വലിയ ഭീഷണി ഇല്ല. ലോക്ഡൗണ്‍ നിയന്ത്രണം എല്ലാവരും പാലിക്കാന്‍ തയ്യാറാകണം. ജനാധിപത്യപരമായി മുന്നോട്ടുപോകുന്ന രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണവിധേയമാണ്. ജനങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നിടത്താണ് കോവിഡില്‍ വിജയം ഉണ്ടായിട്ടുള്ളത്. പത്തനംതിട്ടയില്‍ രോഗവ്യാപനം തടയാന്‍ മികച്ച ആസൂത്രണവും ഇടപെടലും തന്നെയാണ് വിജയമായതെന്ന് ആരോഗ്യമന്ത്രി. കലക്ടര്‍ പിബി നൂഹും ഡിഎംഒയും ജനപ്രതിനിധികളും നല്ല രീതിയില്‍ ഇടപെട്ടു. ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പത്തനംതിട്ടയില്‍ ഈ നേട്ടം ഉണ്ടായതെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.

SHARE