കേരളത്തില്‍ ഇപ്പോള്‍ സാമൂഹ്യവ്യാപനമില്ല; മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സമൂഹവ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രവാസികളെ മുന്‍ഗണനാ ക്രമത്തിലായിരിക്കും നാട്ടിലെത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായാല്‍ വേണ്ടവിധത്തില്‍ ശ്രദ്ധകൊടുത്ത് ഉടന്‍തന്നെ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മൂന്നാം ഘട്ട വ്യാപനം ഉണ്ടായിട്ടില്ല. സമൂഹവ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ല. നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്. റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍നിന്ന് സമൂഹവ്യാപനത്തിന്റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. രോഗം സ്ഥിരീകരിച്ചവരെ കൊണ്ടുവരില്ല. കേന്ദ്രസര്‍ക്കാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

തകരാറുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് റാപ്പിഡ് ടെസ്റ്റ് ചെയ്യാതിരുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഐസിഎംആര്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാലിഡേഷന്‍ നടത്തിയപ്പോള്‍ തെറ്റായ ഫലമാണ് ലഭിക്കുന്നതെന്ന് വ്യക്തമാകുകയും ചെയ്തു. കാലതാമസം ഉണ്ടാകുമെങ്കിലും പിസിആര്‍ കിറ്റുകളാണ് ഫലപ്രദം. കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

SHARE