എന്റെ സഖാവേ..’ എന്ന കെ.കെ രമയുടെ ഒറ്റവരി പോസ്റ്റ് ഇരുപതിനായിരത്തിലേറേ പേരാണ് ലൈക്ക് ചെയ്തത്. മൂവായിരത്തിലേറെ പേര്‍ ടിപിയുടെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു. മൂവായിരത്തോളം പേര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. ഇതില്‍ കെ.കെ രമയെ അപഹസിച്ചും അപമാനിച്ചും ഒരുപക്ഷം രംഗത്തെത്തി. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. സ്ത്രീവിരുദ്ധത അടക്കം നിറയുന്ന വാചകങ്ങളാണ് ഇവര്‍ കുറിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ രോഷത്തോടെ പലരും പങ്കുവയ്ക്കുന്നു. എന്നാല്‍ അതിലേറെ പേര്‍ രമയ്ക്ക് പിന്തുണയുമായി എത്തുന്നു എന്നതും പോസ്റ്റിന് താഴെ വ്യക്തമാണ്. ട്രോളുകളും ഇതിന് അടിവരയിടുന്നു.
ഇന്നലെ മരിച്ച ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.കെ.കുഞ്ഞനന്തന്റെ സംസ്‌കാരം കണ്ണൂര്‍ പാനൂര്‍ പാറാട്ടെ വീട്ടുവളപ്പില്‍ നടത്തി. തിരുവനന്തപുരത്തുനിന്ന് പാനൂരില്‍ എത്തിച്ച മൃതദേഹം സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി ഓഫിസായ രാജു സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. കുഞ്ഞനന്തന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ഉച്ചക്ക് ഒരു മണി വരെ അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ.കുഞ്ഞനന്തന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍നിന്ന് ഏറ്റുവാങ്ങിയതു മുതിര്‍ന്ന സിപിഎം നേതാക്കളാണ്. കുഞ്ഞനന്തന്‍ സമൂഹത്തോടു കരുതല്‍ കാണിച്ച സഖാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണു കുഞ്ഞനന്തനെന്നാണു സിപിഎം അഭിപ്രായപ്പെട്ടത്.