കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ. അന്തരിച്ച സി.പി.ഐ.എം നേതാവും ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുമായിരുന്ന പി.കെ കുഞ്ഞനന്തനെ കുറിച്ച് മുഖ്യമന്ത്രി എഴുതിയ അനുസ്മരണ കുറിപ്പിനെതിരെയായിരുന്നു രമയുടെ വിമര്‍ശനം.
കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ചാനലും പത്രവും സൈബര്‍ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതൃത്വത്തിന്റെയും ബാധ്യതയാണെന്ന് ടിപി വധത്തിന്റെ ഉള്ളുകള്ളികളറിയുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഏതോ ‘കള്ളമൊഴി’ കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയില്‍ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കില്‍ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കില്‍ വിധിന്യായത്തിലെ ഈ ഫോണ്‍വിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന ‘മനുഷ്യസ്നേഹി’ സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷന്‍ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടി.പി വധത്തിന് മുന്‍പ് തന്റെ ഫോണില്‍ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനില്‍ മുഖ്യമന്ത്രി കണ്ട ‘കരുതല്‍’ എന്താണെന്ന് മനസ്സിലായല്ലോ