സി.പി.എം അക്രമം; എ.കെ.ജി ഭവന് മുന്നില്‍ കെ.കെ രമയുടെ ധര്‍ണ്ണ

ന്യുഡല്‍ഹി: സംസ്ഥാനത്ത് ആര്‍.എം.പിക്കെതിരെ സി.പി.എം നടത്തുന്ന ഏകപക്ഷിയമായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ കെ.കെ രമയുടെ നേതൃത്തില്‍ ആര്‍.എം.പി പ്രവര്‍ത്തകരുടെ ധര്‍ണ്ണ തുടങ്ങി. ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ സി പി എം കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിക്കുമ്പോള്‍ കേരളത്തിലെ നേതൃത്വം അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് കെ കെ രമ ഡല്‍ഹിയില്‍ പറഞ്ഞു.

‘സംസ്ഥാനത്ത് സിപിഎമ്മിന്റെ തേര്‍വാഴ്ചയാണ് നടക്കുന്നത്. 2008 ല്‍ സ്ഥാപിതമായ പാര്‍ട്ടിയാണ് ആര്‍എംപി. അന്ന് മുതല്‍ ഇന്നു വരെ കേരളത്തില്‍ ആര്‍എംപിയ്ക്ക് സമാധാനമായി പ്രവര്‍ത്തിക്കാനുളള സാഹചര്യം ഉണ്ടായിട്ടില്ല. സിപിഎം പ്രവര്‍ത്തകരും ക്രിമിനലുകളും നിരന്തരം പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്’, കെ.കെ.രമ പറഞ്ഞു.

‘ഒഞ്ചിയത്ത് ഞങ്ങളുടെ ഓഫീസുകള്‍ ആക്രമിക്കപ്പെടുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയാണ്. ഫാസിസമാണ് കേരളത്തില്‍ നടക്കുന്നത്. ഈ സാഹചര്യത്തെ കുറിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും വൃന്ദ കാരാട്ടിനും എന്താണ് പറയാനുളളതെന്ന് ഞങ്ങള്‍ക്കറിയണം’, കെ.കെ.രമ പറഞ്ഞു

SHARE