അയോധ്യ: ആര്‍.എസ്.എസിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ചരിത്രകാരന്‍ കെ.കെ മുഹമ്മദ് ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു

നാഗ്പൂര്‍: അയോധ്യ കേസില്‍ ആര്‍.എസ്.എസിന് അനൂകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ കെ.കെ മുഹമ്മദ് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ആര്‍ എസ് എസ് സ്ഥാപകന്‍ ഡോ. കെ ബി ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിരവും കെ കെ മുഹമ്മദ് സന്ദര്‍ശിച്ചു. ആര്‍ എസ് എസ് സഹ്‌സാരകാര്യവാഹക് വി ഭാഗയ്യയോടൊപ്പമായിരുന്നു കെ കെ മുഹമ്മദ് ആസ്ഥാനത്ത് എത്തിയത്.

ആര്‍.എസ്.എസിന്റെ പരിശീലന കേന്ദ്രവും മുന്‍ സര്‍ സംഘ്ചാലക്മാരുടെ ശവകുടീരങ്ങളും കെ.കെ മുഹമ്മദ് സന്ദര്‍ശിച്ചു. ആര്‍ എസ് എസ് ആസ്ഥാന മന്ദിരം സന്ദര്‍ശിച്ചത് നല്ല അനുഭവമായിരുന്നെന്ന് കെ കെ മുഹമ്മദ് പറഞ്ഞു. നാഗ്പൂരില്‍ ക്ലാസെടുക്കാനാണ് പോയത്. അവിടെ എത്തിയപ്പോള്‍ ആര്‍.എസ്.എസ് നേതാക്കള്‍ തന്നെ ആസ്ഥാന മന്ദിരത്തിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് അവിടെ പോയി. നല്ല സ്വീകരണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ കെ.കെ മുഹമ്മദ് ഉള്‍പ്പെട്ട പുരാവസ്തു ഗവേഷണ സംഘം സംഘപരിവാര്‍ വാദങ്ങള്‍ ശരിവെക്കുന്ന രീതിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കാനുള്ള പ്രധാന കാരണമായി സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ബാബര്‍ അയോധ്യയില്‍ പള്ളി നിര്‍മിക്കുന്നതിന് മുമ്പ്, അവിടെ നിര്‍മിതിയുണ്ടായിരുന്നുവെന്നായിരുന്നു കെ.കെ മുഹമ്മദിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെതിരെ മുതിര്‍ന്ന ചരിത്രകാരന്‍ രംഗത്ത് വന്നിരുന്നു. കെ.കെ മുഹമ്മദ് സംഘപരിവാറിന് വേണ്ടി വ്യാജ ചരിത്രം നിര്‍മ്മിക്കുകയാണ് എന്നായിരുന്നു അവരുടെ വാദം. അത് ശരിവെക്കുന്ന രീതിയില്‍ കെ.കെ മുഹമ്മദ് സംഘപരിവാര്‍ സഹയാത്രികനായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

SHARE