സാമ്പത്തിക കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

സാമ്പത്തിക കേസുകളില്‍ സൗദി ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാവും. സാമ്പത്തിക കേസുകളിലെ തടവുകാരെ എത്രയും വേഗം മോചിപ്പിക്കുമെന്ന് നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സമാനിയാണ് അറിയിച്ചത്.

സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വകാര്യ അന്യായ പ്രകാരം കോടതി വിധികള്‍ നടപ്പാക്കരുതെന്നും രാജാവിന്റെ ഉത്തരവില്‍ പറയുന്നതായി നീതിന്യായ മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ജയിലിലുള്ളവരെ വിട്ടയക്കാന്‍ നടപടി സ്വീകരിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയെ ഉദ്ധരിച്ച് അഖ്ബാര്‍ 24 ന്യൂസ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

SHARE