സി.എ.എ; മൂന്നംഗ ബെഞ്ചിന് മുന്നില്‍ 144 ഹര്‍ജികള്‍; വാദം തുടങ്ങി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് മുസ്്‌ലിംലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. സൂപ്രീം കോടതി ചീഫ് ജെസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നാകെ പൗരത്വ (ഭേദഗതി) ബില്ലിനെ ചോദ്യം ചെയ്ത 144 ഹരജികളാണ് എത്തിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് രാവിലെ 10.50തോടെ ഹര്‍ജികള്‍ പരിഗണിച്ചു തുടങ്ങി. രാജ്യം ഉറ്റുനോക്കുന്ന കേസില്‍ കോടതി നമ്പര്‍ ഒന്നില്‍ അനുഭവപ്പെട്ട തിക്കുംതിരക്കിലും രാവിലെ 10.30 പരിഗണിക്കേണ്ട ഹര്‍ജി 20 മിനുട്ട് വൈകിയാണ് പരിഗണിച്ചത്.

സാങ്കേതിക തടസം മുന്‍നിര്‍ത്തി മുഴുവന്‍ ഹര്‍ജികളിലും വാദത്തിന് കഴിയില്ലെന്ന് പറഞ്ഞാണ് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദം തുടങ്ങിയത്. അതേസമയം ഈ വാദം ഗണിച്ച കബില്‍ സിബല്‍ എന്‍പിആര്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ നിയമത്തിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടു.

നേരത്തെ കേസ് പരിഗണിച്ച സുപ്രീംകോടതി, കേന്ദ്ര സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയും കേസ് വീണ്ടും പരിഗണിക്കുന്നത് ജനുവരി 22ലേക്ക് മാറ്റിവെക്കുകയുമായിരുന്നു. ഹര്‍ജിക്കാര്‍ ഉന്നയിച്ച ആക്ഷേപങ്ങളിന്മേല്‍ കേന്ദ്ര സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ കോടതിയില്‍നിന്ന് നിര്‍ണായക ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ മതേതര സമൂഹം ഒന്നടങ്കം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ 133 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. മുസ്്‌ലിംലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, നവാസ് കനി എന്നിവര്‍ സംയുക്തമായി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയും കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇതില്‍ ഉള്‍പ്പെടും.


വടക്കുകിഴക്കന്‍ സംസ്ഥനങ്ങളെ പ്രതിനിധീകരിച്ച് ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍, അസം ഗണ പരിഷത്ത്, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്നിവയും അസം അഭിഭാഷക സംഘടനയും ഹര്‍ജി നല്‍കിയിട്ടുണ്ട്. 14ാം അനുഛേദം അനുസരിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നും പൗരത്വം അനുവദിക്കുന്നതിന് മതം അടിസ്ഥാനമാക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നുമുള്ള നിലപാടാണ് മുസ്്‌ലിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
മതപരമായ വിവേചനം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഭരണഘടനയുടെ അന്തസ്സത്ത ചോദ്യം ചെയ്യുന്നതാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കം ചോദ്യം ചെയ്താണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ, വിവാദ നിയമ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജനുവരി 10ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ഇതേതുടര്‍ന്ന് മുസ്്‌ലിംലീഗ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേന്ദ്ര വിജ്ഞാപനം റദ്ദാക്കണമെന്നാവ ശ്യപ്പെ ട്ട് സമര്‍പ്പിച്ച ഈ ഹര്‍ജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
രാജ്യവ്യാപക പ്രതിഷേധം തുടരുമ്പോഴും പൗരത്വ നിയമ ഭേദഗതിയില്‍നിന്ന് പിറകോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവര്‍ത്തിക്കുമ്പോള്‍ സുപ്രീംകോടതി ഇടപെടല്‍ തന്നെയായിരിക്കും ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായകമാവുക. കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്.