ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ കാമുകിക്ക് കോവിഡ്; ആശങ്ക

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ മൂത്തമകന്‍ ട്രംപ് ജൂനിയറിന്‍റെ കാമുകി കിംബെര്‍ലി ഗില്‍ഫോയ്‌ലെക്ക് കോവിഡ്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയതായി ട്രംപ് വിക്ടറി ഫൈനാസ് കമ്മിറ്റി ചീഫ് ഓഫ് സ്റ്റാഫ് സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. ട്രംപ് ജൂനിയറിന് കോവിഡ് നെഗറ്റീവാണ്.

ട്രംപിന്റെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ പ്രധാന അംഗമാണ് കിംബെര്‍ലി. മൗണ്ട് റഷ്‌മോറില്‍ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് തൊട്ടു മുമ്പാണ് ഇവരുടെ ഫലം വന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി ഫണ്ട് റൈസിങ് പ്രോഗ്രാമുകളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. പരിപാടികളിലെല്ലാം മാസ്‌ക് ധരിക്കാതെയാണ് ഇവര്‍ പങ്കെടുത്തിരുന്നത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

2018 ലാണ് ട്രംപ് ജൂനിയറും കിംബര്‍ലിയും തമ്മില്‍ പ്രണയത്തിലായത്. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോമിന്റെ മുന്‍ഭാര്യയാണ് ഇവര്‍.