കിമ്മിന് ശേഷം ആര്? എല്ലാ കണ്ണുകളും 31കാരി കിം യോ ജോങിലേക്ക്- ഉത്തരകൊറിയയുടെ അടുത്ത ഉത്തരം

പ്യോങ്‌യാങ്: ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണ് എന്നാണ് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊണ്ണത്തടി, അമിത പുകവലി, അമിതാദ്ധ്വാനം എന്നിവ മൂലം ചികിത്സയിലാണ് കിമ്മെന്ന് ഉത്തര കൊറിയന്‍ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദക്ഷിണ കൊറിയന്‍ മാദ്ധ്യമം ഡെയ്‌ലി എന്‍.കെ വെളിപ്പെടുത്തുന്നു. കിമ്മിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ, ഉത്തരകൊറിയയെ ഇനി ആര് നയിക്കും എന്ന ചോദ്യങ്ങള്‍ക്കും ചൂടുപിടിച്ചു കഴിഞ്ഞു. ഇളയ സഹോദരി കിം യോ ജോങിന്റെ പേരാണ് മാദ്ധ്യമങ്ങള്‍ എടുത്തു കാണിക്കുന്നു.

കിമ്മിന്റെ വലംകൈ

കിം ജോങ് ഉന്നിനൊപ്പം അന്താരാഷ്ട്ര തല ചര്‍ച്ചകളില്‍ ഈയിടെയുള്ള സ്ഥിര സാന്നിദ്ധ്യമാണ് യോ ജോങ്. ഭരണകക്ഷിയായ റൂളിങ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലും ഇവര്‍ക്ക് വലിയ സ്വാധീനമുണ്ട്. കിമ്മിന്റെ ആഗോളവും ആഭ്യന്തരവുമായ പ്രതിച്ഛായയ്ക്കു പിന്നിലും ഇവര്‍ തന്നെയാണ് എന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈയിടെ ഉത്തരകൊറിയയുടെ സൈനികാഭ്യാസത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ ദക്ഷിണ കൊറിയയ്‌ക്കെതിരെ അവര്‍ പ്രസ്താവനയിറക്കിയിരുന്നു. ഭയന്നു കുരയ്ക്കുന്ന നായ എന്നാണ് അയല്‍രാഷ്ട്രത്തെ അവര്‍ വിശേഷിപ്പിച്ചിരുന്നത്. കിമ്മിന് കത്തയച്ച യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെയും ഈയിടെ അവര്‍ പ്രശംസിച്ചിരുന്നു.

കിം യോ ജോങ്

ഭരണകൂടത്തില്‍ അവര്‍ക്കുള്ള സ്വാധീനം വെളിപ്പെടുത്തുന്നതാണ് ഈ രണ്ട് രാഷ്ട്രീയ പ്രസ്താവനകളുമെന്ന് സിയോളിലെ യൊന്‍സെയ് യൂണിവേഴ്‌സിറ്റിയിലെ നോര്‍ത്ത് കൊറിയന്‍ സ്റ്റഡീസ് ഗവേഷകന്‍ യങ്ഷിക് ബോങ് ചൂണ്ടിക്കാട്ടുന്നു.
ട്രംപിനൊപ്പം കിം ജോങ് ഉന്‍ ഈയിടെ നടത്തിയ രണ്ട് കൂടിക്കാഴ്ചകളിലും യോ ജോങ് പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച പാര്‍ട്ടിയിലെ പോളിറ്റ് ബ്യൂറോയിലേക്ക് ഇവരെ വീണ്ടും തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

ലക്ഷണമൊത്ത പകരക്കാരി

കിം ജോങ് ഉന്നിന്റെ ഇളയ സഹോദരിയാണ് യോ ജോങ്. കിമ്മിനേക്കാള്‍ നാലു വയസ്സ് കുറവാണ് ഇവര്‍ക്ക്. നാലു വര്‍ഷം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പഠിച്ച ശേഷം പിന്നീട് സ്വന്തം നാട്ടില്‍ തന്നെയായിരുന്നു പഠനം. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദധാരിണിയാണ്.

കിം യോ ജോങ്

2010ന് ശേഷം മാത്രം പൊതുവേദിയല്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ യോ ജോങ് 2012ല്‍ കിമ്മിന്റെ നാലു മാനേജര്‍മാരില്‍ ഒരാളായി. 2014 ഒക്ടോബറില്‍ കിം ചികിത്സയ്ക്ക് പോയ വേളയില്‍ ഇവര്‍ക്കായിരുന്നു ഭരണച്ചുമതല. ഇതേവര്‍ഷം നവംബറില്‍ ഭരണകക്ഷിയുടെ പ്രൊപഗണ്ട ആന്‍ഡ് അജിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വൈസ് ഡയറക്ടറുമായി യോ ജോങ്. 2019ല്‍ സുപ്രിം പീപ്പ്ള്‍സ് അസംബ്ലിയിലെത്തി.

കിമ്മിന്റെ ആരോഗ്യസ്ഥിതി ഇങ്ങനെ തുടര്‍ന്നാണ് യോ ജോങ് രാഷ്ട്രത്തിന്റെ ചെങ്കോലേന്താന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല. ഭ്രാന്തന്‍ നയങ്ങള്‍ കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടുന്ന ഉത്തര കൊറിയ അവര്‍ക്കു കീഴില്‍ എങ്ങനെ മാറും എന്നത് കൗതുകകരമായിരിക്കും.