കിം കി ഡുക്കിനെതിരെ ലൈംഗികാരോപണം

സോള്‍: പ്രമുഖ ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ലൈംഗികാരോപണവുമായി നടിമാര്‍. സിനിമയുടെ ചിത്രീകരണത്തിനിടെ നിരന്തരം ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം.
ഡുക്കിനോടൊപ്പം പ്രവര്‍ത്തിച്ച നടിമാര്‍ തന്നെയാണ് എംബിസി ചാനലിനുള്ള അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ സമയത്ത് പലവട്ടം പീഡിപ്പിച്ചെന്ന് ഒരു മുന്‍ നടി പറഞ്ഞു. നടിയുടെ മുറിയില്‍വെച്ചാണ് പീഡനം നടന്നത്.
ലൈംഗിക ബന്ധത്തിന് വഴങ്ങിയാല്‍ അടുത്ത ചിത്രത്തിലും നായികയാക്കാമെന്നായിരുന്നു കിം കി ഡുക്ക് വാഗ്ദാനം ചെയ്തത്. ആദ്യ പ്രോജക്ടിനുശേഷം മാനസികമായി തകര്‍ന്നെന്നും സൈക്യാര്‍ട്ടിക്ക് തെറാപ്പി സ്വീകരിച്ചെന്നും നടി പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉപദേശം തേടി മറ്റൊരു നടിയെ സമീപിച്ചപ്പോള്‍ ഇതൊക്കെയാണ് സിനിമാ ലോകം എന്നായിരുന്നു മറുപടി. അത് തന്നെ ഏറെ അമ്പരപ്പിച്ചെന്നും നടി വെളിപ്പെടുത്തുന്നു.
2013ല്‍ മൊബ്യൂസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്‌ക്രപ്റ്റില്‍ പറയാത്ത സെക്‌സ് സീന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് മറ്റൊരു നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ നടി ഡുക്കിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും 5000 ഡോളര്‍ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഒരു നായിക ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഇയാളുടെ ആദ്യ പ്രോജക്ടില്‍നിന്ന് തന്നെ പിന്മാറി. പ്രീ പ്രൊഡക്ഷന്‍ ജോലിക്കിടെ ലൈംഗിക ചുവയോടെ സംസാരിച്ചതാണ് നടി പിന്മാറാന്‍ കാരണം.

SHARE