കിം ജോങ് ഉന്‍ ആരോഗ്യവാനായി ജീവിച്ചിരിക്കുന്നു; നിലപാടിലുറച്ച് ദക്ഷിണ കൊറിയ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആരോഗ്യം സംബന്ധിച്ച് പരസ്പരവിരുദ്ധ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ കിം ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ടെന്ന നിലപാടിലുറച്ച് അയല്‍ രാജ്യമായ ദക്ഷിണ കൊറിയ.

കിം ജോങ് ഉന്‍ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. ഞങ്ങളുടെ സര്‍ക്കാരിന്റെ നിലപാട് ഉറച്ചതാണെന്നും കിം ജീവനോടെയുണ്ടെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാവ് മൂണ്‍ ചെങ് ഇന്‍ സിഎന്‍എന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏപ്രില്‍ 15ന് മുത്തച്ഛന്റെ ജന്മവാര്‍ഷിക ദിനാഘോഷത്തില്‍ കിം പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതിയുടെ ആരോഗ്യത്തെ സംബന്ധിച്ച് ലോകമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞത്.

മുത്തച്ഛന്റെ ജന്മവാര്‍ഷിക ദിനാഘോഷത്തില്‍ നിന്നും ഇതാദ്യമായാണ് കിം ജോങ് ഉന്‍ വിട്ടുനില്‍ക്കുന്നത്. ഇതോടെയാണ് ഇതിനിടെ ശാസ്ത്രക്രിയക്ക് വിധേയനായ കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.

ഏപ്രില്‍ 11 ന് നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗത്തില്‍ അധ്യക്ഷനായ ശേഷം കിം പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം വ്യോമ പ്രതിരോധ യൂണിറ്റില്‍ യുദ്ധവിമാനങ്ങള്‍ പരിശോധിക്കുന്നതായി അദ്ദേഹം എത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തെ കുറിച്ച് സിയോളിലെ ഉദ്യോഗസ്ഥര്‍ മറുപടി വ്യക്തമാക്കിയിരുന്നി്‌ല. തുടര്‍ന്നുവന്ന വാര്‍ഷിക പരിപാടിയുല്‍ കൂടി കിംമ്മിന്റെ അഭാവം പ്രകടമായതോടെയാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. കിമ്മിന്റെ സ്ഥിതി സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ഉത്തര കൊറിയയില്‍നിന്ന് പ്രത്യേകിച്ച് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നേരത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷ്ം കിമ്മിന്റെ സ്ഥിതി ഗുരുതരമായെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കിമ്മിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നും ഒരു സംഘം ഉത്തരകൊറിയയിലേക്ക് പോയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കിം ജീവിച്ചിരിപ്പില്ലെന്നാണ് ചൈനീസ് വൃത്തങ്ങളില്‍നിന്നും ഇന്നലെ പുറത്തുവന്ന വിവരം.