സോള്‍: നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അരോഗ്യ സ്ഥിതി അപകടരമാണെന്നും മസ്തിഷ്ക മരണം വരെ സംഭവിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവിട്ടത്.
അമേരിക്ക എന്ന വന്‍ശക്തി രാഷ്ട്രത്തിന് ചില്ലറ തലവേദനയല്ല കൊറിയയിലെ ഈ തൊഴിലാളി പാര്‍ട്ടി നേതാവ് നാളിതുവരെയായി വരുത്തി വെച്ചത്. ആയുധങ്ങള്‍ പ്രയോഗിക്കുന്ന കാര്യത്തില്‍ അമേരിക്ക ലോകത്തേറ്റവും പേടിച്ചിരുന്നത് കിം ജോങ് ഉന്നിനെയാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കിമ്മിനെ പൊതുവേദിയില്‍ കാണാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
യഥാര്‍ത്ഥത്തില്‍ കൊറിയയുടെ ഈ ഏകാധിപതിയായ നേതാവിന് സംഭവിച്ചതെന്താണ്? ഏപ്രില്‍ 11നാണ് കിം ജോങ് ഉന്നിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്. ഹൃദയസംബന്ധമായ അസുഖം കാരണം ഏപ്രില്‍ 12ന്് ശസ്ത്രക്രിയ ചെയ്തിരുന്നതായി ഡെയ്ലി എന്‍.കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശസ്ത്രക്രിയക്കു ശേഷം ഡോക്ടര്‍മാരുടെ സംഘം തിരിച്ചു പോയെന്നും ഹ്യാങ്സന്‍ കൗണ്ടിയിലെ ഒരു വില്ലയില്‍ കിം ജോങ് ഉന്‍ വിശ്രമത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. കിമ്മിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും അതിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രാദേശിക പത്രവും നേരത്തെ പുറത്തുവിട്ടിരുന്നു.
പിന്നീട് ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷത്തില്‍ നിന്ന് കിം ജോങ് ഉന്നിനെ കണ്ടിരുന്നില്ല. ഉത്തരകൊറിയയുടെ രാഷ്ട്രപിതാവും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇല് സുങ്ങിന്റെ ജന്മദിന ആഘോഷങ്ങളില്‍ നിന്നാണ് കിം വിട്ടുനിന്നത്. അതിനു ശേഷവും അദ്ദേഹത്തെ പൊതുവേദിയിലോ മറ്റോ ഒന്നും ഇതുവരെ കാണാനിടയായിട്ടില്ല. ഉത്തര കൊറിയ അദ്ദേഹത്തിന്റെ രോഗവുമായോ മറ്റോ ബന്ധപ്പെട്ട് ഒരു വാര്‍ത്തയും പുറത്തുവിട്ടതുമില്ല. ഇതോടെയാണ് ലോകവ്യാപകമായി ഇദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തില്‍ സംശയമുണര്‍ന്നത്. അദ്ദേഹം മരിച്ചെന്നും ഇനി തിരിച്ചുവരില്ലെന്നും വിശ്വസിക്കുന്ന അമേരിക്കക്കാരുമുണ്ട്്.
തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് സി.എന്‍.എന്‍ അദ്ദേഹത്തിന് മസ്തിഷ്ക മരണം വരെ സംഭവിച്ചിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാര്‍ത്തയുടെ ഉത്ഭവം വെളിപ്പെടുത്തിയിട്ടില്ല. പിന്നീട് വാഷിങ്ടണ്‍ പോസ്റ്റും മറ്റു അന്താരാഷ്ട്ര മാധ്യമങ്ങളുമെല്ലാം ഇത് വലിയ വാര്‍ത്താ പ്രാധാന്യത്തോടെ നല്കി. ലോകം മുഴുവന്‍ ഈ വാര്‍ത്ത പരന്നിട്ടും ഉത്തരകൊറിയ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.