നേട്ടം കൊയ്ത് കിം

 

സിംഗപ്പൂര്‍ സിറ്റി: ചരിത്രപ്രധാന കൂടിക്കാഴ്ചയില്‍ നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ സമ്പാദിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂര്‍ വിടുന്നത്. കൊറിയന്‍ ഉപദ്വീപിന്റെ സമ്പൂര്‍ണ ആണവനിരായുധീകരണവും പുതിയ ഉഭയകക്ഷി ബന്ധവും ഉറപ്പുനല്‍കുന്ന രേഖയില്‍ ഇരുവരും ഒപ്പുവെച്ചെങ്കിലും കിമ്മിന് തന്നെയാണ് പ്രധാന നേട്ടം. അമേരിക്ക ഇതുവരെ ഒരു ഭീകരരാഷ്ട്രമായാണ് അന്താരാഷ്ട്രതലത്തില്‍ ഉത്തരകൊറിയയെ പരിചയപ്പെടുത്തിയിരുന്നത്. ട്രംപുമായി കൂടിക്കാഴ്ച നടത്തുക വഴി കിമ്മിന് അന്താരാഷ്ട്രതലത്തില്‍ മികച്ച പ്രതിച്ഛായ ലഭിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയയുടെ ഒരു ഭരണാധികാരി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നത്. ഊഷ്മളമായ അന്തരീക്ഷത്തില്‍ കിമ്മിന്റെ തോളില്‍ തട്ടി ട്രംപ് ഹസ്തദാനം ചെയ്തപ്പോള്‍ ഉത്തരകൊറിയക്ക് അന്താരാഷ്ട്രതലത്തില്‍ വലിയൊരു അംഗീകാരമാണ് ലഭിച്ചത്. ആണവായുധ പരീക്ഷണങ്ങളുടെ പേരില്‍ കടുത്ത ഉപരോധങ്ങള്‍ നേരിടുന്ന ഒരു രാജ്യത്തിന് അതുവഴി ഔദ്യോഗിക തലത്തില്‍ സ്വീകാര്യത ലഭിക്കുകയായിരുന്നു. കൊറിയന്‍ ഉപദ്വീപില്‍ ശാശ്വത സമാധാനം സ്ഥാപിക്കുമെന്നാണ് ട്രംപും കിമ്മും ഒപ്പുവെച്ച കരാറിലെ മറ്റൊരു പ്രധാനം. കൃത്യമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാതെ എവിടെയും തൊടാത്ത പ്രസ്താവനകള്‍ നടത്തി ഇരുവരും പിരിഞ്ഞുപോകുമ്പോള്‍ ആര്‍ക്കാണ് നേട്ടമെന്ന ചോദ്യം അവശേഷിക്കുന്നു. ഉത്തരകൊറിയയുമായി സമാധാനമുണ്ടാക്കിയ യു.എസ് പ്രസിഡന്റെന്ന പ്രശസ്തി നേടുകയെന്ന പരിമിതമായ ലക്ഷ്യം മാത്രമാണ് അദ്ദേഹത്തിനുള്ളത്. കൊറിയന്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും ട്രംപിന്റെ സ്വാര്‍ത്ഥമായ താല്‍പര്യങ്ങളാണ് ഇവിടെ മുഴച്ചുനില്‍ക്കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തില്‍ അദ്ദേഹത്തിന് കണ്ണുണ്ടെന്ന് പറയുന്ന നിരവധി പേരുണ്ട്. യു.എസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ നേതാവെന്ന താരപദവിയിലേക്ക് കിം ഉയര്‍ന്നിരിക്കുകയാണ്.

SHARE