പാലക്കാട് പടക്കപ്പഴം തിന്നു ആന ചത്ത സംഭവം; കൈതച്ചക്ക കൊടുത്തു കൊന്നതും, മലപ്പുറത്തായതും എങ്ങനെ..

രാജ്യവ്യാപകമായി ഏറ്റെടുത്ത, കേരളത്തില്‍ പടക്കം വെച്ച പഴം കഴിച്ച ആന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിദ്വേഷ പ്രചരണത്തിനെതിരെ വിമര്‍ശനം ശക്തമാവുന്നു. ആനയുടെ ദാരുണാന്ത്യം വാര്‍ത്തയായതിനെത്തുടര്‍ന്ന് മലപ്പുറത്തെ കേന്ദ്രീകരിച്ചുള്ള വര്‍ഗീയ പ്രസ്താവനകളും പല പ്രമുഖരുടെ പോസ്റ്റുകളുമാണ് ഇപ്പോള്‍ വിവാദമാവുന്നത്. സംഭവം നടന്നത് മലപ്പുറത്താണെന്നും കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്ഫോടകവസ്തു ആനക്ക് കൊടുക്കുകയാണെന്നുമുള്ള പ്രചരണങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചത്.

ഒരു ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ അവലംബിച്ചാണ് ആന ചെരിഞ്ഞ സംഭവത്തില്‍ സംഘ്പരിവാര്‍ അനുകൂലികളുടെ നേതൃത്വത്തില്‍ മലപ്പുറം വിരുദ്ധവും അതുവഴി മുസ്‌ലിം വിരുദ്ധവുമായ പ്രചരണങ്ങള്‍ ശക്തമായത്. വിഷയത്തില്‍ ബിജെപി നേതാവ് മേനക ഗാന്ധി നടത്തിയ വിദ്വേഷ ട്വീറ്റും വിവാദമാവുകയാണ്. പാലക്കാട് ജില്ലയില്‍ നടന്ന സംഭവത്തെ മലപ്പുറം ജില്ലയിലാക്കിയാണ് മേനക പരാമര്‍ശിച്ചത്. മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണെന്നും സര്‍ക്കാര്‍ ഇതുവരെ ഒരാള്‍ക്കെതിരെയും നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു മേനക ഗാന്ധിയുടെ ട്വീറ്റ്.

എന്നാല്‍, പാലക്കാട് ആന ചെരിഞ്ഞ സംഭവം മലപ്പുറത്തായതും അത് കേരളത്തിന്റെ മികവിനെതിരയുള്ള പ്രചാരണമായി സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്റായതിന് പിന്നിലും സംഘ്പരിവാര്‍ അനുകൂല വിദ്വേഷ പ്രചാരകര്‍ പ്രവര്‍ത്തിച്ചതായാണ് വിവിധ പോസ്റ്റുകളില്‍ നിന്നും വ്യക്തമാവുന്നത്. ആന ചെരിഞ്ഞ വാര്‍ത്ത പുറം ലോകം അറിഞ്ഞത് മോഹന്‍ കൃഷ്ണന്‍ എന്ന ഒരു ഫോറസ്റ്റ് ഓഫീസറുടെ മെയ് 30ലെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ്.

സംഭവം നടന്നത് മലപ്പുറത്താണെന്ന് അദ്ദേഹം പോസ്റ്റില്‍ എവിടേയും വ്യക്തമാക്കുന്നില്ല. എന്നാല്‍ ഈ വാര്‍ത്ത ആദ്യം കൊടുത്ത ഒരു മാധ്യമമാണ് അങ്ങനെ പറഞ്ഞത്. തുടര്‍ന്ന് വാര്‍ത്തക്ക് പ്രതികരണമായി നടന്‍ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണമായി മനോരമ ന്യൂസ് കൊടുത്ത വാര്‍ത്തയിലും ‘മലപ്പുറം’ ആദ്യ വാചകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്നാല്‍ പൃഥ്വിരാജിന്റെ ഇംഗ്ലീഷിലുള്ള പ്രതികരണത്തിലെവിടേയും ‘മലപ്പുറം’ ഉണ്ടായിരുന്നില്ല.

അതേസമയം, വാര്‍ത്തയില്‍ കൂട്ടിചേര്‍ത്ത നടന്‍ രാജേഷ് ശര്‍മ്മയുടെ പ്രതികരണത്തില്‍ മലപ്പുറത്തെ സൂചിപ്പിക്കുന്നതാണ് ‘മലപ്പുറം’ ആദ്യ വാചകമായത്. രാജേഷ് ശര്‍മ്മയുടെ പോസ്റ്റിന്റെ വിശദീകരണത്തിലും മലപ്പുറം മുന്‍നിര്‍ത്തിയുള്ള ഫോര്‍വേഡ് മെസേജാണ് നടന്‍ ചേര്‍ത്തിരിക്കുന്നു. ഈ ഫോര്‍വേഡ് പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ മലപ്പുറത്തിന്റെ പേരില്‍ പ്രചരിച്ചതായി വ്യക്തമാവുന്നത്. ഇതേ പോസ്റ്റ് ദിലീപ് ടൈംസ് എന്ന പേരിലുള്ള പേജിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് അനുരാജ് അരവിന്ദന്‍ എന്നയാളെ ടാഗ് ചെയ്താണ് കൊടുത്തിരിക്കുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ അനുരാജ് അരവിന്ദന്‍ എന്ന പേരില്‍ ഒരു സംഘ്പരിവാര്‍ അനുകൂലിയെയും കണ്ടെത്തി.

അതേസമയം, നടന്‍ രാജേഷ് ശര്‍മ്മയുടെ പോസ്റ്റില്‍ ടാഗ് ചെയ്ത എന്‍ഡിടിവിയിലെ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ശൈലജ വര്‍മ്മ പിന്നീട് തിരുത്തിയിട്ടുണ്ട്.

സംഭവത്തില്‍, പ്രമുഖരുടെ തെറ്റിധരിപ്പിക്കുന്ന പോസ്റ്റിനെ ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയില്‍ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിദ്വേഷ പ്രചരണം കേരളത്തിനെതിരെ ബിജെപി ഏറ്റെടുത്ത സാഹചര്യത്തില്‍ പോസ്റ്റിലെ തെറ്റുതിരുത്താനും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്.

ഏതെങ്കിലും ഫേസ് ബുക്ക് പോസ്റ്റ് കാണുമ്പോള്‍ അത് എഴുതിയ ആളിനോട് ബന്ധപ്പെടുകപോലും ചെയ്യാതെ വാര്‍ത്ത ആക്കുന്ന രീതിയാണിപ്പോള്‍ വിദ്വേഷ പ്രചരണത്തിലേക്കും വിവാദങ്ങളിലേക്കും എത്തിനില്‍ക്കുന്നത്. ആനയെ മനപ്പൂര്‍വം, പടക്കമടങ്ങിയ ഭക്ഷണം കൊടുത്ത് കൊന്നതാണ് എന്ന് കരുതുന്നില്ലെന്നും ഫോറസ്റ്റ് ഓഫീസര്‍ മോഹന്‍ കൃഷ്ണന്റെ പ്രതികരണം. അതേസമയം ആനയെ കണ്ടെത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സംഭവം നടന്നിട്ടുണ്ടാകാമെന്നും അപകടം നടന്ന സ്ഥലത്തു നിന്ന് ആന കിലോമീറ്ററുകള്‍ താണ്ടിയിട്ടുണ്ടാവാമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറസ്റ്റ് സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാം പറയുന്നത്.

‘ആനയെ കണ്ടെത്തുമ്പോള്‍ അതിന്റെ വായില്‍ പുഴുവരിച്ചുള്ള വ്രണമുണ്ടായിരുന്നു. ഒരാഴ്ച മുമ്പെങ്കിലും അപകടം സംഭവിച്ചിരിക്കണം. അങ്ങനെയാണെങ്കിലേ വ്രണം പുഴുവരിക്കുന്ന അവസ്ഥയിലെത്തൂ. അതിനെ കണ്ടെത്തിയ മേഖലയില്‍ വെച്ചു തന്നെയാണോ അപകടം സംഭവിച്ചതെന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. വേദന കാരണം ആന ഓടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അപകടം നടന്നത് എവിടെയണെന്ന് തീര്‍ച്ചപ്പെടുത്താനവില്ല. ആന രക്ഷപ്പെടില്ല എന്ന് ആദ്യമേ അറിയാമായിരുന്നു. കണ്ടെത്തുമ്പോള്‍ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു. വയറ്റില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളത്തില്‍ നിലകൊണ്ട ആന വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ചെരിയുന്നത്,’ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. ഡേവിഡ് എബ്രഹാം പ്രതികരിച്ചു.

എന്നാല്‍ മെയ് 23ന് പാലക്കാട് അമ്പലപ്പാറയിലാണ് ആനയെ ആദ്യം കണ്ടെത്തുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസര്‍ ആഷിഖ് അലി പറയുന്നത്. സംഭവത്തിന് വംശീയ നിറം നല്‍കുന്നത് ശരിയല്ലെന്നും ഫോറസ്റ്റ് ഓഫീസര്‍ ആഷിഖ് അലി പ്രതികരിച്ചു. ഈ സംഭവം കര്‍ഷകരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അനന്തരഫലമാണെന്നും ആഷിഖ് അലി പറഞ്ഞു. പൊതുവെ പന്നികളെ ഓടിക്കാന്‍ പഴങ്ങളിലും മറ്റും പടക്കം നിറയ്ക്കുന്ന രീതി പാലക്കാടന്‍ മേഖലകളിലുണ്ട്. പക്ഷെ ഇത്തരത്തില്‍ ആനയുടെ വായ തകര്‍ന്ന് ചെരിയുന്ന സംഭവം ആദ്യമാണെന്ന് ഫോറസ്റ്റ് ഓഫീസര്‍ ആഷിഖ് അലി പറഞ്ഞു. കാട്ടുപന്നികളെ ഓടിക്കാന്‍ വെച്ച കെണിയിലാണ് ഗര്‍ഭിണിയായ ആന കുടുങ്ങിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അതേസമയം, സംഭവത്തില്‍ പ്രതിക്ഷേധമറിയിച്ച് നാനാ തുറകളില്‍പ്പെട്ടവര്‍ രംഗത്തെത്തിയിരുന്നു. സംഭവം സംസ്ഥാനത്തും രാജ്യത്താകെയും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പിടിയാന പടക്കം കടിച്ചു ചരിയാനിടയായത് തികച്ചും ദാരുണമായ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി വനമന്ത്രി കെ രാജുവും പ്രതികരിച്ചു. ഏകദേശം 20 വയസ്സു വരുന്ന ഗര്‍ഭിണിയായ പിടിയാന സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ പ്രദേശങ്ങളിലുള്ള മണ്ണാര്‍ക്കാട് ഡിവിഷനിലെ തിരുവിഴാംകുന്ന് ഭാഗത്ത് എത്തിയപ്പോള്‍ പടക്കം കടിച്ച് വായ് തകര്‍ന്ന നിലയിലായെന്നാണ് മന്ത്രിയുടെ ഫെയ്‌സബുക് പോസ്റ്റില്‍ പറയുന്നത്.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ ഒ.ആര്‍.10/2020 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈലന്റ്വാലി നാഷണല്‍ പാര്‍ക്കും മണ്ണാര്‍ക്കാട് ഡിവിഷനും ആന പടക്കം കടിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ആനയോടായാലും പന്നിയോടായാലും ഇത് മനുഷ്യത്വം ഇല്ലാത്ത ക്രൂരതയാണെന്നും കുറ്റവാളികളെ കണ്ടെത്തി കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി കുറിച്ചു.