ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ

ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ജെയ്റ്റ്‌ലി മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യസഭയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. ‘ദി വയര്‍’ വെബ് സൈറ്റാണ് ജെയ്റ്റിലിയുടെ രോഗവിവരമുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശസ്ത്രക്രിയക്ക് മുന്നോടിയായി ഔദ്യോഗിക പരിപാടികളെല്ലാം ജെയ്റ്റ്‌ലി റദ്ദാക്കി. ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തിലാണ് ഇപ്പോള്‍ ചികിത്സ നടത്തുന്നത്. അപ്പോളോ ആസ്പത്രിയിലെ വൃക്കരോഗ വിദഗ്ധന്‍ ഡോ സന്ദീപ് ഗുലേരിയ ജെയ്റ്റിലിയുടെ ശസ്ത്രക്രിയ സ്ഥിരീകരിച്ചു. അതേസമയം, സിങ്കപ്പൂരിലായിരിക്കും ശസ്ത്രക്രിയയെന്നും വിവരമുണ്ട്. വളരെ കാലമായി ജെയ്റ്റിലക്ക് പ്രമേഹസംബന്ധമായ രോഗങ്ങളുണ്ട്. ശരീരഭാരം കുറക്കാനായി 2014-ല്‍ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. തുടര്‍ന്നുള്ള പരിശോധനകളില്‍ വൃക്കകള്‍ക്ക് തകരാറൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ അനിയന്ത്രിതമായ പ്രമേഹമുണ്ടെന്നും ഇരു വൃക്കകളും തകരാറിലാണെന്നും മെഡിക്കല്‍സംഘം അറിയിച്ചു. നേരത്തെ, ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഹാര്‍ട്ട് സര്‍ജറിക്ക് മന്ത്രി വിധേയനായിട്ടുണ്ട്. ദീര്‍ഘകാലം ഡയാലിസിസ് ചെയ്യുമ്പോള്‍ അത് ആരോഗ്യത്തെ ഗുരുതരമാക്കുമെന്നതിനാലാണ് വൃക്ക മാറ്റിവെക്കല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

2016-ഡിസംബറിലാണ് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ മൂലം അമേരിക്കയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്.