അവര്‍ നിയമത്തിന് മുകളിലാണോ? മൂന്ന് ഖാന്‍മാരുടെയും ആസ്തികളില്‍ സി.ബി.ഐ അന്വേഷണം വേണം; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്റെയും ആമിര്‍ ഖാന്റെയും ഷാറൂഖ് ഖാന്റെയും ആസ്തികളില്‍ സി.ബി.ഐ, ആദായ നികുതി വകുപ്പ് അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലാണ് സ്വാമിയുടെ പ്രതികരണം.

‘ഈ മൂന്ന് ഖാന്മാരും ഇന്ത്യയിലും വിദേശത്തും വിശിഷ്യാ ദുബൈയിലും ഉണ്ടാക്കിയ ആസ്തിയെ കുറിച്ച് അന്വേഷിക്കണം. ആരൊക്കെയാണ് അവര്‍ക്ക് അവിടെ ബംഗ്ലാവും ആസ്തികളും നല്‍കിയത്. എങ്ങിനെയെല്ലാം അവരത് വാങ്ങി. എല്ലാം ആദായ നികുതി വകുപ്പ്, ഐ.ടി, സി.ബി.ഐ എന്നിവര്‍ അടങ്ങുന്ന പ്രത്യേകം സംഘം അന്വേഷിക്കണം. അവര്‍ നിയമത്തിന് മുകളിലാണോ’- എന്നാണ് ബി.ജെ.പി നേതാവിന്റെ ട്വീറ്റ്.

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ചില ബോളിവുഡ് നടന്മാരുടെ മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, ശേഖര്‍ സുമന്‍, രൂപാ ഗാംഗുലി, മനോജ് തിവാരി തുടങ്ങിവരും സുശാന്തിന്റെ മരണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.