ഞങ്ങള്‍ക്കൊപ്പം അത്താഴം കഴിച്ച കെയ്ന്‍ വില്യംസണ്‍- ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹ്മദിന്റെ റംസാന്‍ ഓര്‍മകള്‍

ജെയ്പൂര്‍: ‘പുലര്‍ച്ചെ ഏകദേശം മൂന്നു മണിക്ക് എല്ലാവരെയും വിളിച്ചുണര്‍ത്തുന്നത് ഏറെ രസകരമായിരുന്നു. റാഷിദ് ഖാന്‍, യൂസുഫ് പത്താന്‍, മുഹമ്മദ് നബി, നയീം പത്താന്‍ എന്നിവരുമുണ്ടാകും കൂടെ. ഓരോ ദിവസവും ഓരോരുത്തരുടെ മുറിയിലാകും അത്താഴം’- സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹ്മദിന്റെ നോമ്പോര്‍മകളാണിത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഐ.പി.എല്‍ നീട്ടിവച്ച സങ്കടത്തിലാണിപ്പോള്‍ ഖലീല്‍. ഓര്‍മകളില്‍ നിറയെ സഹതാരങ്ങളൊത്തുള്ള മുന്‍ വര്‍ഷങ്ങളിലെ നോമ്പുകാലം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓറഞ്ച് ആര്‍മിയിലെ നോമ്പുകാരായിരുന്നു ഈ മുസ്‌ലിം കളിക്കാര്‍. എല്ലാവരും നോമ്പെടുത്താണ് കളത്തിലിറങ്ങുക എന്ന് ഖലീല്‍ പറയുന്നു. ഇപ്പോള്‍ രാജസ്ഥാനിലെ ടോങ്കില്‍ കുടുംബവീട്ടിലാണിപ്പോള്‍ ഇന്ത്യന്‍ പേസര്‍.

കെയന്‍ വില്യംസണ്‍

‘റാഷിദും നബി ഭായിയുമാണ് ഞങ്ങള്‍ക്കിടയില്‍ വലിയ വിശപ്പുള്ളവര്‍. അവര്‍ വിവിധ തരം ഭക്ഷണങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യും. മുന്‍ ക്യാപ്റ്റന്‍ കെയന്‍ വില്യംസണും ചിലപ്പോള്‍ ഞങ്ങള്‍ക്കൊപ്പം കൂടും. പൊറോട്ടയും പരിപ്പ് കറിയും കഴിക്കും. അദ്ദേഹം സന്തോഷവനായിരുന്നു’ – ഖലീല്‍ ഓര്‍ക്കുന്നു. ഐ.പി.എല്‍ കളിദിവസങ്ങളില്‍ നോമ്പെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നും എന്നാല്‍ മനസ്സിനെ പാകപ്പെടുത്തിയാല്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറയുന്നു.