കെവിന്റെ അറുംകൊല; ആഭ്യന്തര വകുപ്പ് ഒന്നാം പ്രതി: കെ.പി.എ മജീദ്

കോഴിക്കോട്: സ്‌നേഹിച്ച പെണ്ണിനെ കല്ല്യാണം കഴിച്ച് സ്വന്തം രക്ഷിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയ കെവിന്‍ എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടു പോയി കൊന്നുതള്ളിയ സംഭവത്തില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

സംസ്ഥാനത്ത് ക്രമസമാധാനം അവതാളത്തിലാവുമ്പോള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് കവചമൊരുക്കുകയാണ് പിണറായി വിജയന്‍.
തട്ടികൊണ്ടു പോയ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഭാര്യ നീനുവിനോട് മുഖ്യന്ത്രിയുടെ സുരക്ഷയാണ് മുഖ്യമെന്ന് കൈമലര്‍ത്തുന്ന പൊലീസ് ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാണ്. രാഷ്ട്രീയ വൈരികളെ ഉന്മൂലനം ചെയ്യുമ്പോള്‍ അതു തേച്ചുമാച്ച് കളയാനുമുള്ള ഉപകരണണായി പൊലീസിനെ അധപതിപ്പതിപ്പിച്ചതിന്റെ പ്രത്യാഘാതമാണ് ആവര്‍ത്തിക്കുന്നത്.

24 മാസത്തിനിടെ 25 രാഷ്ട്രീയ കൊലപാതകങ്ങളും രണ്ട് കസ്റ്റഡി മരണങ്ങളുമായി രാജ്യത്തിന് മുമ്പില്‍ പൊലീസ് തലകുനിക്കുമ്പോള്‍ ആഭ്യന്തര മന്ത്രി ധാഷ്ട്യം വെടിയണം. സംസ്ഥാനത്തെ ഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടുത്തി നിയമവാഴ്ച ഉറപ്പുവരുത്താന്‍ കഴിയില്ലെങ്കില്‍ പിണറായി വിജയന്‍ ഇറങ്ങിപ്പോകുന്നതാണ് ഉചിതമെന്നും കെ.പി.എ മജീദ് പറഞ്ഞു.