ട്രയിന്‍ തരാമെന്ന് റെയില്‍വേ, ചോദിക്കാതെ കേരളം; മറുനാടന്‍ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ട്രയിന്‍ ചോദിക്കാതെ കേരള സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ആറുമണിക്കൂറുനുള്ളില്‍ ട്രെയിന്‍ അനുവദിക്കാമെന്നാണ് ദക്ഷിണ റെയില്‍വേ അറിയിച്ചിട്ടുള്ളത്. എന്നിട്ടും സര്‍ക്കാര്‍ ഇതില്‍ നിസ്സംഗത തുടരുകയാണ്.

ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ പോലും കേരള സര്‍ക്കാറില്‍ നിന്ന് കിട്ടിയിട്ടില്ലെന്ന് ദക്ഷിണ റയില്‍വേ അറിയിച്ചു. ബംഗാള്‍, ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി സ്വന്തം ട്രയിനുകള്‍ ഓടിക്കുന്ന സാഹചര്യത്തിലാണ് കേരളം ഇക്കാര്യത്തില്‍ നിഷ്‌ക്രിയ നിലപാട് സ്വീകരിക്കുന്നത്.

യാത്രയാക്കുന്ന സംസ്ഥാനവും സ്വീകരിക്കുന്ന സംസ്ഥാനവും ഒരുമിച്ച് ആവശ്യപ്പെട്ടാല്‍ ആറു മണിക്കൂറിനകം ട്രെയിന്‍ സര്‍വീസ് നടത്താന്‍ തയാറാണെന്നാണ് ചെന്നൈ ആസ്ഥാനമായിട്ടുള്ള ദക്ഷിണ റയില്‍വേ അറിയിച്ചിട്ടുള്ളത്. ചെന്നൈ, ബംഗ്‌ളൂരു തുടങ്ങിയ ഇടങ്ങളില്‍ ആയിരക്കണക്കിന് മലയാളികളാണ് കുടങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടിലെത്തിക്കണമെങ്കില്‍ കേരളമാണ് മുന്‍കൈ എടുക്കേണ്ടത്.

തമിഴ്‌നാട്ടില്‍ മാത്രം പത്തുലക്ഷം മലയാളികള്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും സ്വന്തമായി വാഹനമില്ല. ടാക്‌സി വിളിച്ചു കേരളത്തിലേക്കു വരാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. ഈ സാഹചര്യത്തിലാണ് കേരളം ട്രയിന്‍ സര്‍വീസ് നടത്തണമെന്ന ആവശ്യം ഉയരുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ അതിവേഗം ഇടപെടല്‍ നടത്തണമെന്നാണ് മറുനാടന്‍ മലയാളികളുടെ ആവശ്യം.