സംസ്ഥാനത്ത് മെയ് 8 വരെ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്മഴയോട് അനുബന്ധിച്ച് ശക്തമായ മഴയും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും (മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍) ഇടിമിന്നലും മെയ് 8 വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കേരളത്തില്‍ താപനിലയില്‍ കാര്യമായ മാറ്റമില്ല. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ താപനില സാധാരണയില്‍നിന്നും ഉയര്‍ന്ന നിലയിലായിരുന്നു.