അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസം വേനല്‍മഴയോടനുബന്ധിച്ച് ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.26ന് ഇടുക്കിയിലും 27ന് കോട്ടയത്തും 28ന് പത്തനംതിട്ടയിലും 29ന് കോട്ടയത്തും 30ന് വയനാടും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിച്ചേക്കാം.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴയാണ് പ്രവചിച്ചത്. ഏപ്രില്‍ 26 മുതല്‍ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചു.

SHARE