സന്തോഷ് ട്രോഫി : മഹാരാഷ്ട്രയുടെ മാറുപിളര്‍ത്തി കേരളം സെമിയില്‍

കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ശക്തരായ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി മുന്‍ചാമ്പ്യന്‍മാരായ കേരളം സെമിയില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം മഹാരാഷ്ട്രയെ തുരത്തിയത്. ഇതോടെ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളിത്തിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്

ഹൗറ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യപകുതിയുടെ 23-ാം മിനുട്ടില്‍ രാഹുല്‍ രാജാണ് കേരളത്തെ മുന്നിലെത്തിച്ചത്. പെനാല്‍ട്ടിയില്‍ നിന്നും ലക്ഷ്യം കാണുകയായിരുന്നു രാഹുല്‍ രാജ്. പതിനെഞ്ചു മിനുട്ടിനുശേഷം എം.എസ് ജിതിന്‍ എതിര്‍ വല വീണ്ടും കുലുക്കി കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി. 57-ാം മിനുട്ടില്‍ രാഹുല്‍ കെ.പി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഒപ്പം കേരളത്തിന് സെമി ടിക്കറ്റും.

ആദ്യ മല്‍സരത്തില്‍ ചണ്ഡിഗഡിനെ 5-1ന് തകര്‍ത്ത കേരളം രണ്ടാം മല്‍സരത്തില്‍ മണിപ്പൂരിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കും തോല്‍പ്പിച്ചിരുന്നു.

അഞ്ചു തവണ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ കേരളം 13 വര്‍ഷത്തിനു ശേഷം കിരീടം നേടാനാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ മുന്നിലാണ്. 2005ലാണ് കേരളം അവസാനമായി സന്തോഷ് േട്രാഫി നേടുന്നത്. 2013ല്‍ ഫൈനലെത്തിയെങ്കിലും ഷൂട്ടൗട്ടില്‍ സര്‍വീസിനോട് തോല്‍ക്കുകയായിരുന്നു.