അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണില്‍ പെട്ട് നിരവധി മലയാളി വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് ആഴ്ചയിലേക്ക് മാത്രമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ നീട്ടിയത് മൂലം, മാനസികമായും സാമ്പത്തികമായും പല വിദ്യാര്‍ത്ഥികളും ഗവേഷകരും ബുദ്ധിമുട്ടിലാണ്. കൂടാതെ അവര്‍ താമസിക്കുന്ന മേഖലകള്‍ പലതും കോവിഡിന്റെ ഹോട്ട്സ്പോട്ടുകളായി മാറിക്കൊണ്ടിരിക്കുകയാണ്. പല സര്‍വ്വകലാശാലകളും ഹോസ്റ്റലുകള്‍ ക്വാറന്റെയ്ന് വിട്ട് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സ്ഥിതി വിശേഷം കൂടുതല്‍ രൂക്ഷമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി ഡല്‍ഹി, പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നേവരെ ഡല്‍ഹിയില്‍ അത്തരം യാതൊരു നടപടികളും ഉണ്ടായിട്ടില്ല. വാര്‍ത്താ കുറിപ്പല്ലാതെ സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടികളും പിന്നീട് ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മികച്ച വിദ്യാഭ്യാസം പ്രതീക്ഷിച്ച് കൊണ്ടാണ് കേരളത്തിന് പുറത്ത് പഠിക്കാന്‍ പോയിട്ടുള്ളത്. ഡല്‍ഹിയും സമീപപ്രദേശങ്ങളും മാത്രമല്ല, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT, NIT, AllMS തുടങ്ങി വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലും മലയാളി വിദ്യാര്‍ത്ഥികള്‍ അവഗണിക്കാനാകാത്ത സാന്നിധ്യമുണ്ട്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികളെ കൊണ്ട് വരുന്നതിന് KSRTC ബസ് വിട്ട് കൊടുക്കാന്‍ പോലും വിമുഖത കാണിക്കുകയാണ്. ഇത് പുരോഗമന സ്വാഭാവമുള്ള സര്‍ക്കാറുകള്‍ക്ക് ഭൂഷണമല്ല.
അതിഥി തൊഴിലാളികളോട് കാണിച്ച അനുകമ്പപോലും വിദ്യാര്‍ത്ഥികളോട് കാണിക്കാത്തത് തികച്ചും പ്രതിഷേധാര്‍ഹമാണ്.
ഇത്തരം അവഗണന അവസാനിപ്പിക്കാന്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് കേരള മുഖ്യമന്ത്രിക്ക് വിദ്യാര്‍ത്ഥികളും ഗവേഷകരും പ്രതിഷേധ ഇ-മെയിലുകള്‍ അയക്കുകയാണ്.