ഇഖ്ബാല്‍ കല്ലുങ്ങല്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. സംസ്ഥാനത്തെങ്ങും ക്വാറന്റൈന് കേന്ദ്രങ്ങളൊരുക്കിയെന്നും എത്രപേര്‍ വന്നാലും കേരളം സജ്ജമാണെന്നും പ്രഖ്യാപിച്ച സര്‍ക്കാര്‍ പൊടുന്നനെ ചുവടുമാറ്റി. വിദഗ്ധ സമിതിയുടെ ശിപാര്‍ശ അംഗീകരിക്കുന്നുവെന്നു പറഞ്ഞാണ് ഇന്നലെ പുതിയ ഉത്തരവിറക്കിയത്. ക്വാറന്റൈന് കേന്ദ്രങ്ങളില്‍ രോഗവ്യാപന സാധ്യത കൂടുതലാണെന്നും ആയതിനാല്‍ നേരത്തെ പരീക്ഷിച്ച ഹോം ക്വാറന്റൈനാണ് മെച്ചപ്പെട്ടതെന്നുമാണ് സര്‍ക്കാരിന്റെ വാദം. നേരത്തെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായാണ് ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളുടെ മടങ്ങിവരവ് വര്‍ധിച്ചതാണ് മാറ്റത്തിന് കാരണം. നാട്ടിലേക്ക് വരുന്നവരുടെ വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ മാത്രം.
വാടക ഇനത്തിലുള്ള ക്വാറന്റൈന് സൗകര്യമോ സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രങ്ങളോ സ്വീകരിക്കാം. 14 ദിവസമാണ് ക്വാറന്റൈന് കാലയളവ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കേണ്ടതും രോഗലക്ഷണമുള്ളവരെ തുടര്‍ചികിത്സക്ക് കോവിഡ് ആശുപത്രികളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. നിലവില്‍ നിരീക്ഷണത്തിന്റെ ഏഴാം ദിവസം ആര്.ടി.പി.സി ടെസ്റ്റ് നടത്തണമെന്ന നിബന്ധനയും പിന്‍വലിച്ചിട്ടുണ്ട്. വ്യാപകമായി ആരംഭിച്ച ക്വാറന്റൈന് കേന്ദ്രങ്ങള്‍ പൂര്‍ണ സജ്ജമല്ലെന്ന നിലപാടാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. ഓരോരുത്തര്‍ക്കും ടോയ്ലെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിവിധ ക്വാറന്റൈന് കേന്ദ്രങ്ങളിലില്ലെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. കേരളം വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്. ക്വാറന്റൈന് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്താതെയാണ് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ എണ്ണം പ്രഖ്യാപിച്ചത്. ഇതിലേക്ക് ആവശ്യമായ ബെഡ്ഡുകളുടെ എണ്ണവും സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്സ്റ്റിറ്റിയൂഷന് ക്വാറന്റൈന് കേന്ദ്രങ്ങളേക്കാളും ഹോം ക്വാറന്റൈനു പരിഗണന നല്കാന് ഉത്തരവായതോടെ വീടുകളില്‍ ഉറപ്പാക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ചും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വീടുകളില്‍ പൂര്‍ണമായും വായു സഞ്ചാരവും പ്രത്യേക ടോയ്ലറ്റുമുള്ള മുറിയിലാണ് ഹോം ക്വാറന്റൈനിലിരിക്കുന്ന വ്യക്തി താമസിക്കേണ്ടത്. മുറിയോ ടോയ്ലറ്റോ ക്വാറന്റൈന് കാലാവധി കഴിയും വരെ മറ്റാരും ഉപയോഗിക്കാന്‍ പാടില്ല.
എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതെ ജനലുകള്‍ തുറന്നിട്ട് മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം. കൊതുകുതിരികളോ മറ്റോ ഉപയോഗിച്ച് കൊതുകുകളെ നിയന്ത്രിക്കണം. ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുന്ന വ്യക്തി എത്തുന്നതിനു മുമ്പ് റൂം സജ്ജീകരിക്കണം. ആള്‍താമസമില്ലാത്ത വീടാണെങ്കിലും നിരീക്ഷണത്തിലുള്ള വ്യക്തി മറ്റു മുറികളിലേക്ക് പ്രവേശിക്കരുത്. നിരീക്ഷണത്തിലുള്ള വ്യക്തി യാതൊരു കാരണവശാലും മുറി വിട്ട് പുറത്തു പോവരുത്. കുടുംബാംഗങ്ങള്‍ ആരും ഈ മുറിയില്‍ പ്രവേശിക്കാനും പാടില്ല. നിരീക്ഷണത്തിലുള്ള വ്യക്തിയെ പരിചരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ സാമൂഹിക അകലം പാലിച്ചായിരിക്കണം പരിചരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത്. ക്വാറന്റൈനില്‍ ഉള്ള വ്യക്തിയെ സഹായിക്കുന്നവര്‍ പൂര്‍ണ ആരോഗ്യവാനും മറ്റു അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ആളായിരിക്കണം. നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയെ പരിചരിക്കുന്നവര്‍ നിരീക്ഷണ കാലാവധി തീരുന്നതുവരെ പരിചരിക്കേണ്ടതാണ്. ഇടക്ക് മറ്റാരെയും ചുമതലപ്പെടുത്തരുത്.