സംസ്ഥാനത്ത് എന്‍.ആര്‍.സി നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍.പി.ആര്‍ (ദേശീയ ജനസംഖ്യ പട്ടിക) നടപടികള്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു. ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) നടപ്പാക്കുന്നതിന് മുന്നോടിയായാണ് എന്‍.പി.ആര്‍ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് സര്‍ക്കാറിന് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്.

രാജ്യത്തെ എല്ലാ സ്ഥിരതാമസക്കാരുടെയും മുഴുവന്‍ വിവരങ്ങളുമടങ്ങുന്ന ഡാറ്റാബേസ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ജനസംഖ്യ പട്ടിക പദ്ധതി കൊണ്ടുവന്നത്. എന്നാല്‍, ദേശീയ പൗരത്വ പട്ടിക വിവാദമായ സാഹചര്യത്തില്‍ എന്‍.പി.ആറിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. എന്‍.ആര്‍.സിക്കെതിരെ നിലപാടെടുക്കുന്ന പിണറായി വിജയന്‍ എന്‍.പി.ആര്‍ നടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനമയുര്‍ത്തിയിരുന്നു.

എന്‍.ആര്‍.സി നടപ്പാക്കുന്നതിന് മുന്നോടിയാണ് എന്‍.പി.ആര്‍ എന്നാണ് പ്രധാന ആരോപണം. പശ്ചിമബംഗാളില്‍ എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടിരുന്നു.

SHARE