സീനിയര്‍ ഫുട്ബോള്‍: കോട്ടയം-തൃശൂര്‍ ഫൈനല്‍ നാളെ

കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശകളി നാളെ വൈകിട്ട് ആറിന് പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ കോട്ടയം തൃശൂരിനെ നേരിടും. ഇന്ന് വൈകിട്ട് അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ പാലക്കാടിനെ വീഴ്ത്തിയാണ് തൃശൂര്‍ കലാശകളിക്ക് യോഗ്യത നേടിയത്. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് തൃശൂരിന്റെ വിജയം.ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷമായിരുന്നു നാലു ഗോളുകളും. 48ാം മിനുറ്റില്‍ റോഷന്‍ വി ജിജിയാണ് തൃശൂരിനായി ലീഡ് നേടിയത്. 70ാം മിനുറ്റില്‍ ബാബിള്‍ സിവരി ഗിരീഷിലൂടെ തൃശൂര്‍ ലീഡുയര്‍ത്തി. 83ാം മിനുറ്റിലും റോഷന്‍ ഗോള്‍ നേട്ടം ആവര്‍ത്തിച്ചതോടെ ടീം വിജയമുറപ്പിച്ചു. പരിക്ക് സമയത്ത്് അര്‍ജുന്‍ കലാധരനും ലക്ഷ്യം കണ്ടതോടെ തൃശൂരിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ഞായറാഴ്ച നടന്ന ആദ്യസെമിയില്‍ ഇടുക്കിയെ 21ന് തോല്‍പിച്ചാണ് കോട്ടയം ഫൈനലില്‍ കടന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് കോട്ടയം ഫൈനല്‍ കളിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്ഥാനത്തിനായി നാളെ രാവിലെ 7.30ന് അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ പാലക്കാട് ഇടുക്കിയെ നേരിടും

SHARE