ആജീവനാന്തം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനൊരുങ്ങി അധ്യാപിക

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കൈതാങ്ങാന്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നും സഹായം പ്രവഹിക്കുകയാണ്. ഇതിനിടയില്‍ ആജീവനാന്തം തന്റെ ശമ്പളത്തില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനം നല്‍കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു സ്‌കൂള്‍ അധ്യാപിക. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ ജിഷ ഒ കെ യാണ് സഹായമനസ്‌കത പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ജിഷ തന്റെ സര്‍വീസ് കാലാവധിയിലും ശേഷവും ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും പ്രതിമാസം 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാനുള്ള സന്നദ്ധതയാണ് അറിയിച്ചിട്ടുള്ളത്. തന്റെ ശമ്പളത്തില്‍ നിന്ന് ഈ തുക കുറവ് ചെയ്യാനുള്ള ക്രമീകരണം ചെയ്യാന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ജിഷ ടീച്ചര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.സെപ്റ്റംബര്‍ മാസം മുതല്‍ തന്റെ ശമ്പളത്തില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക ഈടാക്കാനാണ് അപേക്ഷയിലെ നിര്‍ദ്ദേശം.

SHARE