കേന്ദ്രത്തിന് പരാതി; കര്‍ണാടകയിലേക്കുള്ള റോഡുകള്‍ തുറക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ് തുടര്‍ന്നു വന്ന കര്‍ഫ്യൂവിന് പിന്നാലെ വലിയ തോതില്‍ മണ്ണിട്ടടച്ച കേരള കര്‍ണാടക അതിര്‍ത്തി റോഡ് കര്‍ണാടക തുറക്കും. അതിര്‍ത്തി അടച്ചത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ചരക്കുനീക്കത്തെ വലിയതോതില്‍ ബാധിച്ചിരുന്നു. ഇതോടെ കേരളം കേന്ദ്രത്തിന് നല്‍കിയ പരാതിയെ തുടര്‍ന്നാണിപ്പോള്‍ കര്‍ണാടക റോഡ് തുറക്കുന്നത്.

കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചരക്കുനീക്കത്തിനായി മൂന്നു വഴികള്‍ തുറന്നു കൊടുക്കാനാണ് കര്‍ണാടകം തീരുമാനിച്ചിരിക്കുന്നത്.

മംഗലാപുരം-കാസര്‍കോട്, മൈസൂര്‍-എച്ച്.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട്- മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി എന്നീ വഴികളാണ് ചരക്കുനീക്കത്തിന് തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍, വിരാജ്പേട്ട്- കൂട്ടുപുഴ വഴിയുള്ള ഗതാഗതം ഇനിയും തുറന്നു കൊടുക്കാന്‍ കര്‍ണാടക സമ്മതിച്ചിട്ടില്ല.
അതേസമയം, കര്‍ണാടക അതിര്‍ത്തി തുറക്കില്ലെന്ന നിലപാടിലുറച്ചിരിക്കയാണ് കര്‍ണാടകയിലെ ജനപ്രതിനിധികളും പ്രദേശ വാസികളും. കുടക് – കേരള അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ ഉറപ്പ് നല്‍കിയതാണെന്നാണ് ഇവരുടെ വാദം. കേരളത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അതിര്‍ത്തി തുറന്നാല്‍ സമരത്തിലേക്ക് നീങ്ങുമെന്നാണ് കര്‍ണാടകത്തിലെ ജനപ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് സൂചന.

നേരത്തെ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ് നീക്കം ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായായിരുന്നു കര്‍ണാടകം. ഇതോടെയാണ് അടിയന്തിരമായി ഇപെടണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചത്.

കാസര്‍ക്കോട് കൊറോണ പരക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചതോടെയാണ് കേരളവുമായുള്ള അതിര്‍ത്തി റോഡുകള്‍ കര്‍ണാടക ജെസിബി ഉപയോഗിച്ച് മണ്ണിട്ട് അടച്ചത്. കേരളത്തില്‍നിന്നുള്ള ഗതാഗതം കര്‍ണാടക പൂര്‍ണ്ണമായും തടഞ്ഞിരുന്നത്.

കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര എത്തി ചര്‍ച്ച നടത്തുന്നതിനിടെയാണ് നാടകീയമായി ജെസിബി ഉപയോഗിച്ച് മാക്കൂട്ടം ചുരത്തില്‍ കര്‍ണാടകം റോട്ടില്‍ ഒരാള്‍ പൊക്കത്തില്‍ മണ്ണിട്ടത്. അതിര്‍ത്തി കടക്കാന്‍ കര്‍ണാടകം പാസ് നല്‍കിയ പച്ചക്കറി ലോറികള്‍ ചെക്ക് പോസ്റ്റ് കടക്കാന്‍ കുടക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയില്ല. കേരളത്തിന്റെ ചീഫ് സെക്രട്ടറി കര്‍ണാടക സര്‍ക്കാരുമായി സംസാരിച്ചെങ്കിലും അനുനയനീക്കം സാധ്യമായില്ല. ഇതോടെ അന്തര്‍സംസ്ഥാന പാത ഒരു അറിയിപ്പുമില്ലാതെ അടച്ച കര്‍ണാടക നീക്കത്തിനെതിരെ കേരളം കേന്ദ്രത്തെ സമീപിക്കുകയായിരുന്നു