സംസ്ഥാനത്ത് മൂന്നാം പ്രളയ ഭീഷണിയുമായി ഓഗസ്റ്റ്

തിരുവനന്തപുരം: 59 പേരുടെ ജീവനെടുത്ത കവളപ്പാറ ഉരുള്‍പൊട്ടലിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഇടുക്കി മുന്നാറിലെ രാജമലയില്‍ നിന്ന് കേള്‍ക്കുന്നത് മറ്റൊരു ദുരന്ത വാര്‍ത്തയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനായി നിലമ്പൂര്‍ പോത്തുകല്ലിനടുത്ത് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദിവസങ്ങളോളം നീണ്ടുനിന്ന നിര്‍ത്താതെ പെയ്ത മഴയ്‌ക്കൊടുവിലാണ് കവളപ്പാറ മല ഒരുഗ്രാമത്തിന്റെയൊന്നാകെ മൂടിയത്. ഉരുള്‍പൊട്ടലിനോടൊപ്പം ചാലിയാര്‍ നദി കരവവിഞ്ഞൊഴുകി മലയോര മേഖലയായ നിലമ്പൂരിലൊന്നാകെ വെള്ളത്തില്‍ മുങ്ങിയിരുന്നു.

ഒരു വര്‍ഷത്തിനിപ്പുറം ഇടുക്കി രാജമലയിലും സമാന ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി 55 പേരെ കണ്ടെത്താനുണ്ട്. 78 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി. മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം.

തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ആസ്ബസ്‌റ്റോസ് ഷീറ്റുകളിട്ട ലയങ്ങളില്‍ പലതും പൂര്‍ണമായും മണ്ണിനടിയിലായി എന്നാണ് വിവരം. ഒരു വശത്ത് നദി ശക്തമായി കുത്തിയൊഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം സജീവമായി പുരോഗമിക്കുകയാണ്.

നിലവില്‍ പെരിയവര പാലത്തിന് നടുവില്‍ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് താല്‍ക്കാലികമായി അപ്രോച്ച് റോഡ് നിര്‍മിച്ചിരിക്കുകയാണ്. ഇത് വഴിയാണ് പരിക്കേറ്റവരെ പുറത്തേക്ക് എത്തിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഉണ്ടായ അപകടം ഏറെ വൈകിയാണ് പുറംലോകമറിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ എത്തി വിവരമറിയിക്കാന്‍ മണിക്കൂറുകള്‍ വൈകിയിട്ടുണ്ട്. ഇരവികുളം നാഷണല്‍ പാര്‍ക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. മൂന്നാറില്‍ നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള പെരിയവര താല്‍ക്കാലികപാലം ഒലിച്ചുപോയതോടെ, ഫോറസ്റ്റ് ചുറ്റിയുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

SHARE