കോവിഡിന്റെ മറവില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്ക്കാലിക ജീവനക്കാരുടെ കൂട്ടനിയമനം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്ക്കാലിക ജീവനക്കാരുടെ കൂട്ടനിയമനം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കോവിഡിന്റെ മറവിലാണ് ഈ അനധികൃത നിയമന നീക്കം നടക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ മറികടന്ന് കുടുംബശ്രീയില്‍നിന്ന് താത്ക്കാലിക ജീവനക്കാരെ നിയമിക്കാനാണ് കെ.എസ്.ഇ.ബി ഒരുങ്ങുന്നത്. നിയമനങ്ങള്‍ പി.എസ്.സി വഴിയും താത്ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുമാണ് നടക്കേണ്ടത്. എന്നാല്‍ ഈ നിബന്ധന മറികടന്നാണ് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമന നീക്കം നടക്കുന്നത്. ആയിരത്തിലേറെ പേരെ ഇങ്ങനെ വഴിവിട്ട നീക്കത്തിലൂടെ നിയമിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. പതിനായിരം ഹെല്‍പര്‍മാരുടെയും 1500 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും തൊഴില്‍ദിനങ്ങളാണ് ഇതിനായി സൃഷ്ടിക്കുന്നത്. കേരള ചെറുകിട വ്യവസായ കോര്‍പറേഷനിലേക്കും (സിഡ്‌കോ) ഇത്തരം നിയമനങ്ങള്‍ക്ക് ഒരുക്കം നടക്കുകയാണ്.

ജനങ്ങളോട് ചെലവു ചുരുക്കാന്‍ പറയുന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൂട്ടനിയമനം നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകിക്കയറ്റാന്‍ വേണ്ടിയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. ഈ നീക്കം എന്തു വിലകൊടുത്തും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 36.25 ലക്ഷം പേര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് ജോലിക്ക് കാത്തിരിക്കുമ്പോഴാണ് അണിയറയിലെ ഈ ചതി. കെ.എസ്.ഇ.ബിയില്‍ ഇപ്പോള്‍ത്തന്നെ ജീവനക്കാര്‍ അധികമാണെന്നും നിയമനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നുള്ള റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് വഴിവിട്ട നിയമനത്തിന് നീക്കം നടക്കുന്നത്. അതിനിടെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനിലേക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് സി.പി.എം യൂണിയന്‍ നേതാവിനെ കൊണ്ടുവരാനും നീക്കമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ജൂനിയറായ ഭരണപക്ഷ യൂണിയന്‍ എഞ്ചിനീയറെ കമ്മിഷന്‍ അംഗമാക്കാനാണ് പരിപാടി. ഇതിനെതിരെ പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

SHARE