‘റമളാനില്‍ ഉത്തരേന്ത്യന്‍ യാചകരെ സൂക്ഷിക്കുക’; പൊലീസിന്റെ അറിയിപ്പ് വ്യാജം

കൊല്ലം: റമളാന്‍ മാസത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന യാചകരെ സൂക്ഷിക്കണമെന്ന് പറയുന്ന പൊലീസിന്റെ പേരിലുള്ള അറിയിപ്പ് വ്യാജമെന്ന് റിപ്പോര്‍ട്ട്. കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പേരിലാണ് വ്യാജ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി വാട്‌സ്അപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ അറിയിപ്പ് പ്രചരിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് കൊല്ലം പൊലീസ് അറിയിച്ചു. വിവരം ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഡി.ജി.പിയുടെ നിര്‍ദ്ദേശാനുസരണം സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും പൊലീസ് പറഞ്ഞു.

യാചകരെ സൂക്ഷിക്കണം. ഇവര്‍ക്ക് നയാപൈസ നല്‍കരുതെന്നും അറിയിപ്പിലുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനുകളില്‍ വന്നിറങ്ങിയത് ഒരു ലക്ഷം അന്യസംസ്ഥാനക്കാരാണെന്നും റമളാന്‍ മാസത്തില്‍ യാചന നടത്താനും നോമ്പെടുത്ത് ക്ഷീണിച്ചവരെ കീഴ്‌പ്പെടുത്തി കവര്‍ച്ച നടത്താനുമാണ് ഇവരെത്തിയതെന്നും അറിയിപ്പില്‍ പറയുന്നു.

പൊലീസിന്റെ ഔദ്യോഗിക ലെറ്റര്‍പാഡെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പേരിലുള്ള അറിയിപ്പ്. ഒപ്പും സീലുമെല്ലാമടക്കമുള്ള ലെറ്ററില്‍ പക്ഷെ ഇഷ്യൂ ഡേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത് 16/08/2018 ആണ്.

SHARE