തിരുവനന്തപുരം: ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് കേരള നിയമസഭ സംയുക്ത പ്രമേയം പാസാക്കിയതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചു. രാജ്യത്തെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്ത്. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കേരള നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രമേയം പാസ്സാക്കിയതും സെന്‍സസ് നടപടികള്‍ നിര്‍ത്തിവെച്ചതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പ് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ജനാധിപത്യം സംരക്ഷിക്കാന്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സമാന നടപടികള്‍ മറ്റ് സംസ്ഥാനങ്ങളും കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചു. ഇങ്ങനെ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനാകുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവെച്ചു. ഡല്‍ഹി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്ര, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങി ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് കത്ത് അയച്ചത്.
നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇതേരീതിയില്‍ കത്തയച്ചിരുന്നു. ബി.ജെ.പി സര്‍ക്കാരില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും മമതാ കത്തയച്ചത്.