ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ കേരളത്തില്‍ കോവിഡ് പടരുന്നു, രോഗികള്‍ അയ്യായിരം കടക്കും- പിടിച്ചു കെട്ടാനാകുമോ?

തിരുവനന്തപുരം: കേരളത്തില്‍ ഒരാഴ്ചക്കിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് മുന്നൂറിലേറെ കോവിഡ് കേസുകള്‍. ഒരാഴ്ച മുമ്പ് 666 കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഉള്ളത് 1003 കേസുകളാണ്. രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ (infection) ദേശീയ ശരാശരിക്കും മുകളിലാണ് കേരളത്തിലെ വ്യാപനം. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രകാരം ഇതരസംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും ആളെത്തിയതോടെയാണ് കൂടുതല്‍ സംസ്ഥാനത്ത് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിലെ കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത സമയം 12 ദിവസത്തില്‍ താഴെയാണ്. ദേശീയ തലത്തില്‍ കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത സമയം 14 ദിവസവും. കേരളത്തിന് പുറമേ, അസമിലും സമാന പ്രവണയാണുള്ളത്. ഒരാഴ്ച മുമ്പ് 170 കേസുകള്‍ മാത്രമുണ്ടായിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനത്ത് ഇപ്പോള്‍ ഇത് 774 ആയാണ് വര്‍ദ്ധിച്ചത്.

കേരളത്തില്‍ കോവിഡ് കേസുകള്‍ അയ്യായിരം കടക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വകുപ്പു മന്ത്രി കെ.കെ ശൈലജ ഈ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു.

മന്ത്രിയുടെ വിലയിരുത്തല്‍ പ്രകാരം കേസുകള്‍ രണ്ടിരട്ടിയിലേറെയാണ് വര്‍ദ്ധിക്കുക. ഇന്നലെ മാത്രം 39 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 445 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 542 പേര്‍ രോഗമുക്തി നേടി. ആറു പേര്‍ മരണത്തിന് കീഴടങ്ങി.

രാജ്യത്തെ കോവിഡ് നിരക്കുമായി തട്ടിച്ചു നോക്കുമ്പോള്‍ ചെറിയ രോഗനിരക്കാണ് കേരളത്തിലേത്. ഇന്ത്യയില്‍ ഉടനീളം ഇതുവരെ 1.57 ലക്ഷം പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണ നിരക്കും കേരളത്തില്‍ കുറവാണ്, ആറു പേര്‍. രാജ്യത്ത് 4523 പേരാണ് ഇതുവരെ മരിച്ചത്. സംസ്ഥാനത്ത് അസുഖം റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ മരിക്കുന്നത് 0.62 ശതമാനമാണ്. ദേശീയതലത്തില്‍ ഇത് 2.86 ശതമാനമാണ്. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്.

രോഗമുക്തിയില്‍ 42.45 ശതമാനമാണ് ദേശീയ ശരാശരി. കേരളത്തില്‍ ഇത് 56.28 ശതമാനമാണ്. എന്നാല്‍ ജനസംഖ്യാനുപാതിക പരിശോധന കേരളത്തില്‍ കുറവാണ്. തൊട്ടടുത്തുള്ള തമിഴ്‌നാട്ടില്‍ 4.31 ലക്ഷം പേര്‍ പരിശോധനയ്ക്ക് വിധേയരായപ്പോള്‍ കേരളത്തില്‍ ഇത് 54,600 മാത്രമാണ്. ദേശീയ തലത്തില്‍ ഓരോ പത്തു ലക്ഷത്തിലും 2338 പേര്‍ പരിശോധനയ്ക്ക് വിധേയരായി എങ്കില്‍ കേരളത്തില്‍ ഇത് 1517 ആണ്. എന്നാല്‍ ഓരോ നൂറു പേരെയും പരിശോധിക്കുമ്പോള്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നത് 4.68 ശതമാനം പേര്‍ക്കാണ്. കേരളത്തില്‍ അത് 1.76 ശതമാനം പേര്‍ക്കും.

ആരോഗ്യമേഖലയില്‍ കാലാകാലങ്ങളായി കേരളം പുലര്‍ത്തുന്ന മികവ്, താരമ്യേന മികച്ച സംവിധാനങ്ങള്‍, ജനപിന്തുണ എന്നിവയാണ് അസുഖത്തെ പിടിച്ചു കെട്ടാന്‍ കേരളത്തിന് തുണയാകുന്നത്. അതിനിടെ, രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിലല്ല, മരണനിരക്ക് പിടിച്ചുനിര്‍ത്താനാണ് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നത്. ഇക്കാര്യം മന്ത്രിസഭയില്‍ മന്ത്രി വ്യക്തമാക്കി.

അതേസമയം, ആവശ്യമായ ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കാത്തത് സംസ്ഥാന സര്‍ക്കാറിനെ വെട്ടിലാക്കിയിട്ടുണ്ട്. പന്ത്രണ്ടായിരത്തോളം പേരാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുസരിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി കേരളത്തിലെത്തിയത്. ഇവരെ പാര്‍പ്പിക്കാന്‍ പോലുമുള്ള ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാറിന് ആയിട്ടില്ല എന്നാണ് വിമര്‍ശം. നേരത്തെ രണ്ടര ലക്ഷം പേര്‍ക്കുള്ള ക്വാറന്റീന്‍ സൗകര്യങ്ങള്‍ സജ്ജമാണ് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

വിദേശത്തു നിന്നും വരുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവുകള്‍ വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും തിരിച്ചടിയായി. ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ നിര്‍ദ്ധനരായ പ്രവാസികളുടെ നിരീക്ഷണം സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഇതിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

SHARE