സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ ധാരണ; നിലവിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കും

തിരുവനന്തപുരം:  രോഗതീവ്ര മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ.

കൊവിഡ് പ്രതിസന്ധി രൂക്ഷമെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനുണ്ടാകില്ല. സമ്പൂര്‍ണ ലോക്ക് ഡൗണിനെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ പോലും രണ്ട് അഭിപ്രായമുണ്ട്. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്ന നിര്‍ദേശത്തെ സര്‍വകക്ഷിയോഗം അനുകൂലിച്ചിട്ടില്ല. അതേസമയം നിലവിലെ നിയന്ത്രണം ശക്തിപ്പെടുത്തണം എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. രോഗതീവ്ര മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമെങ്കില്‍ സാഹചര്യം അനുസരിച്ച് പിന്നീട് പരിഗണിക്കും, മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് വീണ്ടും സംസ്ഥാനം പോകരുത് എന്ന് യുഡിഎഫ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതേ നിലപാട് യോഗത്തില്‍ പങ്കെടുത്ത ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ചു. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ട, രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ ലോക്ഡൗണ്‍ ആകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയും സിപിഐയും സമ്പൂര്‍ണ അടച്ചിടല്‍ വേണ്ട എന്ന നിലപാടിലായിരുന്നു.