പിണറായിയുടെ തൊഴുത്തില്‍ കെട്ടിയ പശുവാണ് വിജിലന്‍സെന്ന്; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഐഎഎസ്-ഐപിഎസ് ചേരിപ്പോര് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസില്‍ നിന്ന് വിഡി സതീശന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിജിലന്‍സിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ തൊഴുത്തില്‍ കെട്ടിയ പശുവാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പരസ്പര വിശ്വാസം നഷ്ടമായെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഏജന്റുമാരെ വെച്ച് കോടതിയില്‍ കേസ് നല്‍കുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. സെക്രട്ടറിയേറ്റിലെ ഫയല്‍നീക്കത്തിനെതിരെയും പ്രതിപക്ഷം രംഗത്തു വന്നു.