കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ഒരു ലക്ഷം കടന്നു; സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇപ്പോള്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍ കോവിഡ് ഏത് ഘട്ടത്തിലും സമൂഹവ്യാപനത്തിലേക്ക് എത്താം. ഇപ്പോള്‍ നമ്മള്‍ സമൂഹവ്യാപനത്തിന്റെ വക്കില്‍ നില്‍ക്കുന്നു എന്ന് വേണമെങ്കില്‍ പറയാമെന്നും മുഖ്യന്ത്രി പറഞ്ഞു. കേരളം ഇപ്പോള്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ ആ രീതിയിലേക്ക് പോവാന്‍ സാധ്യതയുള്ള ഒരു രോഗമാണ് കോവിഡ്. ആവശ്യമായ നിയന്ത്രണങ്ങള്‍ പാലിച്ചുപോയില്ലെങ്കില്‍ അത് ഏത് ഘട്ടത്തിലും സമൂഹവ്യാപനത്തിലേക്ക് എത്താം.

പുറത്തുനിന്ന് വരുന്നവരുടെയും ഇവിടെ ഉള്ളവരുടെയും ആരോഗ്യ സംരക്ഷണത്തിന് രജിസ്ട്രേഷന്‍ അത്യാവശ്യമാണ്. സര്‍ക്കാരിന് ആരോടും വിവേചനമില്ല. മറ്റുപോംവഴി ഇല്ലാത്തിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അല്ലാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹ വ്യാപനംപോലും ഉണ്ടാകും. മറ്റുസംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍തന്നെ അതാണ് സ്ഥിതി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളില്‍നിന്നും സഹോദരങ്ങള്‍ വരാന്‍ തുടങ്ങിയതോടെ കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്കവേണ്ട. കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തയ്യാറാകുന്നുണ്ട്. ഓരോ പ്രദേശത്ത് നിന്നും വരുന്നവരില്‍ പലരും രോഗവാഹകരാവാം. അവര്‍ കൃത്യമായി ക്വാറന്റൈന്‍ പാലിച്ചുപോകണം. നിര്‍ദേശങ്ങള്‍ അനുസരിക്കണം. റൂം ക്വാറന്റൈന്‍ നിര്‍ബന്ധം. അദ്ദേഹവുമായി ഇടപഴകുന്നത് ഒരാള്‍ മാത്രമായിരിക്കണം. അയാളും മുന്‍കരുതല്‍ സ്വീകരിക്കണം. അണുനശീകരണം നടത്തണം. മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കുകയുള്ളൂ, മുഖ്യമന്ത്രി വ്യക്തമാക്കി.

തീവ്ര രോഗബാധിത പ്രദേശങ്ങളില്‍നിന്ന് എത്തുന്നവരുടെ കാര്യത്തില്‍ പ്രത്യേക സമീപനം വേണമെന്ന് പ്രതിപക്ഷ നേതാവ് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. അക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുളളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,04,336 പേരാണ് നീരീക്ഷണത്തില്‍ ഉളളത്. ഇവരില്‍ 1,03,528 പേര്‍ വീടുകളിലോ, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 808 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 186 പേരെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 56704 സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 54836 സാമ്പിളുകള്‍ രോഗബാധയില്ല എന്ന് കണ്ടെത്തി.

സംസ്ഥാനത്ത് ഇന്ന് പുതിയതായി 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പത്തു പേര്‍ രോഗമുക്തി നേടി ആസ്പത്രി വിട്ടു. കോവിഡ് സ്ഥിരീകരിച്ചവരില്‍ 29 പേര്‍ പാലക്കാട് നിന്നുളളവരാണ്. കണ്ണൂര്‍ എട്ട്, കോട്ടയം ആറ്, മലപ്പുറം, എറണാകുളം അഞ്ചുവീതം, തൃശൂര്‍, കൊല്ലം നാലുവീതം, കാസര്‍കോട്, ആലപ്പുഴ മൂന്നുവീതം, എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ മറ്റു കണക്കുകള്‍. പോസിറ്റീവായവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. തമിഴ്നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പുതുച്ചേരി, ഗുജറാത്ത് ഒരാള്‍ വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തി രോഗം സ്ഥിരീകരിച്ചവര്‍. സമ്പര്‍ക്കം വഴിയാണ് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയ പത്തുപേരില്‍ കോട്ടയം 1, മലപ്പുറം മൂന്ന്, ആലപ്പുഴ ഒന്ന്,പാലക്കാട് 2, എറണാകുളം 1, കാസര്‍കോട് 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുളള കണക്കുകള്‍. 963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 415 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.