കശ്മീരിനുവേണ്ടി പാര്‍ലമെന്റില്‍ നെഞ്ചുറപ്പോടെ കേരള എം.പിമാര്‍

ന്യൂഡല്‍ഹി:രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ ലക്ഷ്യത്തോടെ കശ്മീരിനെ വെട്ടിമുറിച്ച കേന്ദ്രസര്‍ക്കാറിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധം നയിച്ചത് കേരള എം.പിമാര്‍. കശ്മീര്‍ ജനതയുടെ വികാരം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കേരള എം.പിമാര്‍ നേരിട്ട് ഏറ്റുമുട്ടി.

ഇന്ത്യന്‍ പൗരന്‍മാരുമായി യുദ്ധപ്രഖ്യാപനം നടത്തുകയാണ് കേന്ദ്രസര്‍ക്കാറെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി കുറ്റപ്പെടുത്തി. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ബ്രിട്ടീഷുകാരുടെ തന്ത്രമാണ്. ഭൂരപക്ഷമെന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ല. ജനാധിപത്യപരമായ ഒരു നടപടിയും പാലിക്കാതെ സര്‍ക്കാര്‍ ഏകാധിപത്യ മനോഭാവത്തോടെയാണ് പ്രവര്‍ത്തിച്ചത്. കശ്മീരില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

കൂടുതല്‍ കശ്മീരി യുവാക്കളെ ഭീകരവാദത്തിലേക്കു തള്ളിവിടുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് മുന്നറിയിപ്പു നല്‍കിയ തരൂര്‍ നോട്ട് അസാധുവാക്കലിനു തുല്യമായ രാഷ്ട്രീയ നടപടിയാണ് 370ാം അനുച്ഛേദത്തിന്റെ റദ്ദാക്കലെന്ന് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര സമൂഹത്തിനും കശ്മീരിലെ ജനതയ്ക്കും കാലങ്ങളായി ഭരണാധികാരികള്‍ നല്‍കിപ്പോന്ന ഉറപ്പ് ബി.ജെ.പി. ലംഘിച്ചു. ജമ്മുകശ്മീരിന്റെ ഭാവി നിര്‍ണയിക്കപ്പെടുമ്പോള്‍ അവിടുത്തെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെയും തരൂര്‍ വിമര്‍ശിച്ചു. കശ്മീര്‍ സന്ദര്‍ശിക്കാന്‍ സര്‍വകക്ഷിസംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടനാവിരുദ്ധവും ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനവുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. കശ്മീര്‍ ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് രാജ്യത്തിന്റെ ദേശീയ ഐക്യം ഉറപ്പാക്കുന്നതിനുപകരം കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുന്നത് ചരിത്രപരമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

SHARE