പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയം; ഒ രാജഗോപാല്‍ എതിര്‍ത്ത് വോട്ട് ചെയ്യാത്തത് എന്തുകൊണ്ട്?

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്ര നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ വോട്ടിടാത്ത ഏക എംഎല്‍എക്കെതിരെ ബിജെപിക്കകത്ത് അമര്‍ഷം പുകയുന്നു. നിയമസഭയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നത് അബദ്ധമല്ല മനപൂര്‍വ്വം തന്നെയാണെന്ന ഒ രാജഗോപാലിന്റെ വിശദീകരണം കൂടി വന്നതോടെ കടുത്ത പ്രതിരോധത്തിലുമായി പാര്‍ട്ടി.

സഭയിലെ 139 പേരും ഒപ്പിടുമ്പോള്‍ ഒരാളുടെ എതിര്‍പ്പിന് എന്ത് പ്രസക്തി എന്ന് കരുതിയാണ് വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതെന്നാണ് ഒ രാജഗോപാലിന്റെ വിശദീകരണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരം അടക്കം സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്
ങള്‍ക്ക് മുന്നില്‍ ചെറുത്തുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന ബിജെപിക്ക് രാജഗോപാലിന്റെ വിശദീകരണം തിരിച്ചടിയാണ്.

പൗരത്വ ഭേദഗതിയെ വെല്ലുവിളിച്ച് പ്രമേയം പാസാക്കിയ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് വിശദീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒ രാജഗോപിലിന്റെ നിയമസഭയിലെ നടപടിയോട് പ്രതികരിക്കാന്‍ തയ്യാറായില്ല. പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തെ എതിര്‍ത്ത് വോട്ടിടാതിരുന്ന ഒ രാജഗോപാല്‍ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്കുള്ള സംവരണം എടുത്തുകളഞ്ഞതിനെതിരായ പ്രമേയത്തെ അനുകൂലിച്ചതും ബിജെപിക്ക് തിരിച്ചടിയായി. വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാലിന് അമളി പറ്റിയിരുന്നു.