വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് രേഖാമൂലം അറിയിക്കണം; കേന്ദ്രത്തോട് ഹൈക്കോടതി


കൊച്ചി: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി. മെയ് 3ന് ലോക് ഡൗണിന് ശേഷം പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ എന്ത് സംഭവിക്കുന്നുവെന്ന് നോക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇതു സംബന്ധിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയെന്നത് നിലവിലെ അവസ്ഥയില്‍ അപ്രായോഗികമാണെന്നും കോടതി നിരീക്ഷിച്ചു. വിദേശത്ത് കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തില്‍ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം അറിയിക്കണം. ഗര്‍ഭിണികള്‍ അടക്കമുള്ളവരുടെ കാര്യങ്ങള്‍ കേന്ദ്രം ഗൗരവമായി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. ഇതിനുള്ള സംവിധാനം കേരളത്തിലുണ്ടോ. നിരീക്ഷണവും പരിചരണവും പുനരധിവാസവുമൊക്കെ ആവശ്യമാണ്. 5000 ഡോക്ടര്‍മാരും 20000 നേഴ്‌സുമാരും ചുരുങ്ങിയത് വേണ്ടി വരില്ലയെന്നും ഹൈക്കോടതി ചോദിച്ചു,

ലോക് ഡൗണ്‍ മെയ് 3 ന് തീരുന്ന സാഹചര്യത്തില്‍ 5 ന് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.

SHARE