മദ്യശാലകള്‍ പൂട്ടണമെന്ന ഹര്‍ജി; സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: കോവിഡ് 19 ഭീതി പടരുന്ന സാഹചര്യത്തില്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചുപൂട്ടണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. ലഹരി നിര്‍മാര്‍ജന സമിതിയംഗം ആലുവ എടത്തല സ്വദേശി എം കെ ലത്തീഫ് ആണ് അഡ്വ.പി ഇ സജല്‍, എസ് കബീര്‍ എന്നിവര്‍ മുഖേന ഹരജി നല്‍കിയത്. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ തന്നെ നടപടികളെടുക്കുമ്പോള്‍ ബിവറേജസിനെ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.ആളുകള്‍ തിങ്ങിക്കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ തിയറ്ററുകളും സ്‌കൂളുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിയന്ത്രണമുണ്ട്. ഇതിനുപുറമേ ആഘോഷങ്ങളും ഉല്‍സവങ്ങളും ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം ആളുകള്‍ ക്യൂ നില്‍ക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ഹരജിയില്‍ പറയുന്നു