പണത്തോടുള്ള ആര്‍ത്തി; ഡോക്ടര്‍മാര്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: ആരോഗ്യ മേഖലയില്‍ പണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമെന്ന് ഹൈക്കോടതി. ഡോക്ടര്‍മാര്‍ പണത്തിന് വേണ്ടി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇക്കാരണത്താല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്ന സാധരണക്കാര്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. പി ഗോപിനാഥന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. മറ്റേത് മേഖലയെയും പോലെ പുതിയ കാലത്തില്‍ ആരോഗ്യ മേഖലയും പണത്തിന് പിന്നാലെയാണ്. സര്‍ക്കാര്‍ ആശുപത്രികളെ തഴഞ്ഞ് ഡോക്ടര്‍മാര്‍ െ്രെപവറ്റ് പ്രാക്ടീസിന് പ്രാധാന്യം നല്‍കുന്നു. വിദേശത്തോ സ്വകാര്യ മേഖലയിലൊ മാത്രം ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ താത്പര്യമെടുക്കുന്നത് ആശങ്കാജനകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഡോ. പി ഗോപിനാഥനെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. എന്നാല്‍ കൃത്യമായ അന്വേഷണം നടത്താതെ പിരിച്ചുവിടുന്നത് ശരിയായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മെഡിക്കല്‍ അവധിയിലായിരുന്ന ഡോ. പി ഗോപിനാഥന്‍ അവധിയുടെ കാലാവധി കഴിഞ്ഞിട്ടും ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. അസുഖത്തെ തുടര്‍ന്ന് കിടപ്പിലാണെന്നും ആരോഗ്യനില പരിശോധിക്കാന്‍ വച്ച മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഗോപിനാഥന്‍ അറിയിച്ചിരുന്നു.

എന്നാല്‍ അതേ കാലയളവില്‍ ഇയാള്‍ അമേരിക്കന്‍ വിസക്ക് അപേക്ഷിച്ചതും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവധി അപേക്ഷയില്‍ പറഞ്ഞത് പോലെ ഇയാള്‍ പൂര്‍ണ്ണമായും കിടപ്പിലായിരുന്നില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാക്കിയ ഹൈക്കോടതി ഡോ. പി ഗോപിനാഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

SHARE